| Monday, 30th September 2024, 8:10 am

സംസ്ഥാനത്ത് സ്‌കൂള്‍ സമയങ്ങളിലെ പി.ടി.എ, സ്റ്റാഫ് മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠന സമയങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നത് വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി. പഠന സമയത്ത് പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, അധ്യാപക യോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.

കൂടാതെ സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കുന്നതും മറ്റ് അനുബന്ധ യോഗങ്ങളും പ്രവര്‍ത്തി സമയങ്ങളില്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം മീറ്റിങ്ങുകള്‍ മറ്റ് സമയങ്ങളില്‍ നടത്താനാണ് ഉത്തരവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 പ്രവര്‍ത്തി സമയങ്ങള്‍ മുഴുവനായും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠന സമയം നഷ്ടപ്പെടുന്നതിന് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.

അടിയന്തരമായി മീറ്റിങ്ങുകള്‍ നടത്തേണ്ട സാഹചര്യം വന്നാല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി വാങ്ങണമെന്നും നഷ്ടപ്പെടുത്തിയ സമയത്തിന് പകരമായി അധിക സമയം കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: State bans PTA and staff meetings during school hours

We use cookies to give you the best possible experience. Learn more