| Friday, 28th January 2022, 5:07 pm

സ്ത്രീകളോടുള്ള വിവേചനം; ഗര്‍ഭിണികള്‍ക്ക് നിയമനം വിലക്കിയ എസ്.ബി.ഐ നടപടിയില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

മൂന്ന് മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏര്‍പ്പെടുത്താനുള്ള എസ്.ബി.ഐ തീരുമാനം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗര്‍ഭിണിയാണെങ്കില്‍ അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ അത് നിയമനത്തില്‍ താല്‍കാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്.ബി.ഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2009ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുനസ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ല്‍ പിന്‍വലിച്ച വിലക്കാണ് എസ്.ബി.ഐ പുനസ്ഥാപിച്ചത്. ഗര്‍ഭിണികളായി മൂന്ന് മാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാല് നാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂയെന്ന് നിര്‍ദേശിച്ചാണ് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
നേരത്തെ ഗര്‍ഭിണികളായി ആറ് മാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നിലവില്‍ നീട്ടിവെച്ചിരുന്നത്.

സ്ഥാനക്കയറ്റത്തിനും ഇത് ബാധകമാണ്. എസ്.ബി.ഐയില്‍ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന 2009ല്‍ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്.

CONTENT HIGHLIGHTS: State Bank of India’s decision to ban recruitment of pregnant women is unconstitutional, says DYFI State Secretariat

We use cookies to give you the best possible experience. Learn more