തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) ബീന ആര്‍. ചന്ദ്രനും(തടവ്) പങ്കിട്ടു. മികച്ച നടന്‍ പൃഥ്വിരാജാണ് (ആടുജീവിതം)
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍ തമ്മില്‍ വിവിധ അവാര്‍ഡുകള്‍ക്കായി കടുത്ത മത്സരമായിരുന്നു കാഴ്ച വെച്ചത്.
പൃഥിരാജ് നായകനായ ആടുജീവിതം, മമ്മൂട്ടിയുടെ കാതല്‍ ദ് കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, പാര്‍വതീ തിരുവോത്ത്, ഉര്‍വ്വശി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉള്ളൊഴുക്ക്, മഹാപ്രളയം പ്രമേയമാകുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ, കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തുടങ്ങിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ അവസാന പരിഗണനയില്‍ എത്തിയിരുന്നു.
മികച്ച നടി- ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ (ഉള്ളൊഴുക്ക്, തടവ്), മികച്ച നടന്‍ -പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), മികച്ച സംവിധായകന്‍ -ബ്ലെസി (ആടുജീവിതം), മികച്ച ചിത്രം -കാതല്‍ (ജിയോ ബേബി), രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണന്‍)