54-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് ബീന ആര്‍. ചന്ദ്രന്‍. പുരസ്‌കാര പ്രഖ്യാപനത്തിന്റെ തിയ്യതി അറിയിച്ചത് മുതല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ആര്‍ക്ക് കിട്ടുമെന്നുള്ള ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് പാര്‍വതി തിരുവോത്തും ഉര്‍വ്വശിയുമായിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനം വന്നതിന് ശേഷം അതുവരെ കളത്തിലില്ലാതിരുന്ന, ചര്‍ച്ചകളില്‍ കേള്‍ക്കാതിരുന്ന ഒരാള്‍ വന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വ്വശിയുമായി പങ്കുവെക്കുന്നു.
ആരാണ് ബീന ആര്‍. ചന്ദ്രന്‍ എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അഭിനയം തന്റെ ജീവവായുവാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും പറയുന്ന സാധാരണക്കാരിയായ സ്‌കൂള്‍ അധ്യാപികയും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് ബീന ആര്‍. ചന്ദ്രന്‍. എന്നാല്‍ താന്‍ അത്ര ചില്ലറക്കാരിയല്ലെന്ന് ‘തടവി’ലൂടെ അവര്‍ തെളിയിക്കുന്നു.
നാടക വേദികളില്‍ സജീവമായ ബീനയുടെ ആദ്യ സിനിമ കൂടിയാണ് തടവ്. തടവിന് മുന്‍പ് ഫാസില്‍ റസാഖ് സംവിധാനം ചെയ്ത രണ്ട് ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചു എന്നുള്ളത് മാത്രമാണ് സിനിമയുമായുള്ള ബീന ആര്‍. ചന്ദ്രന്റെ ബന്ധം.
ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 2023ല്‍ റിലീസായ ചലച്ചിത്രമാണ് തടവ്. 28മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രണ്ടേ രണ്ട് മലയാള സിനിമകളാണ്. അതിലൊന്നാണ് ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ‘തടവ്’.
ഐ.എഫ്.എഫ്.കെ 2023ല്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകപ്രീതി നേടിയ സിനിമയ്ക്കുള്ള അവാര്‍ഡും’തടവ്’ നേടിയിരുന്നു. ഒറ്റക്ക് കഴിയുന്ന ഗീത എന്ന അങ്കണവാടി ടീച്ചറുടെ യാത്രയാണ് തടവ്.
ആരോഗ്യപരമായും സാമ്പത്തികപരമായും ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ നേരിടുന്ന, രണ്ടു തവണ വിഹാഹമോചിതയായ ഗീത എന്ന കഥാപാത്രമായാണ് ബീന ആര്‍. ചന്ദ്രന്‍ തടവില്‍ എത്തിയിരിക്കുന്നത്. ഗീതയുടെ കഷ്ടതകളോടൊപ്പം തടവ് മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.
ഇഷ്ട്ടമുള്ള ജീവിതം നയിക്കുന്ന ആളാണ് ഗീത. അവര്‍ക്ക് സ്വയമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുണ്ട്. സാമ്പത്തികമായി ഒരുപാട് കഷ്ടതകളിലൂടെ കടന്നു പോകുമ്പോഴും ഗീത ജീവിതത്തില്‍ പ്രതീക്ഷ കൈവിടുന്നില്ല. നമുക്ക് ചുറ്റുവട്ടമുള്ള അനേകായിരം ഗീതകളെ ബീന ആര്‍. ചന്ദ്രന്‍ തടവിലൂടെ പ്രതിനിധികരിക്കുന്നു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അത്രയും അര്‍ഹമായ കൈകളില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. ബീന ആര്‍. ചന്ദ്രന്‍ എന്ന മലയാളികള്‍ക്ക് അധികം പരിചമില്ലാതിരുന്ന, മലയാള സിനിമ ഉപയോഗിക്കാതിരിക്കുന്ന അഭിനേത്രിയെ ലോകത്തിന്ന് മുന്നില്‍ പരിചയപ്പെടുത്തുക കൂടിയാണ് ഇത്തവണത്തെ പുരസ്‌കാരം. ആരാണ് ബീന ആര്‍. ചന്ദ്രന്‍ എന്ന ചോദ്യത്തിന് എണ്ണം പറഞ്ഞ അഭിനേതാക്കളില്‍ ഒരാളാണ് അവരെന്നാണ് ഉത്തരം.
Content Highlight: State Award Best Actress Winner Beena R Chandran