| Saturday, 30th June 2018, 2:02 pm

ബെള്ളൂരില്‍ ദളിതരുടെ വഴിയടച്ച സംഭവം; റോഡ് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മിന്റെ പ്രക്ഷോഭം

അലി ഹൈദര്‍

കാസര്‍കോട്: ബെള്ളൂരില്‍ പഞ്ചായത്ത് റോഡ് സ്വകാര്യവ്യക്തിയില്‍ നിന്നും പിടിച്ചെടുത്ത് ജനങ്ങള്‍ക്ക്  വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവിന്റെ മൃതദേഹം ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്ന സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സമരത്തിനെത്തിയത്. തുളുവരുടെ പരമ്പരാഗത പാളത്തൊപ്പി അണിഞ്ഞ് കൊണ്ടായിരുന്നു സമരം. സി.പി.ഐ.എം ബെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമരം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു.


Read Also : മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന ജാതീയത ആവര്‍ത്തിക്കുന്നു; ബെള്ളൂരില്‍ ദളിതര്‍ സഞ്ചരിക്കുന്ന വഴിയടച്ച് സവര്‍ണര്‍


പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട സീതുവിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആംബുലന്‍സില്‍ പൊസോളിഗയില്‍ എത്തിച്ചത്. എന്നാല്‍ റോഡ് അടച്ചതിനാല്‍ ആംബുലന്‍സില്‍ കോളനിയിലേക്ക് പോകാന്‍ കഴിയാതെ വന്നു. ഇതോടെ അരകിലോമീറ്റര്‍ ഇപ്പുറം ആംബുലന്‍സ് നിര്‍ത്തി മൃതദേഹം ചുമന്ന് കയറ്റം കയറുകയായിരുന്നു.

നാല് പട്ടിക വര്‍ഗവും 37 പട്ടിക ജാതി വിഭാഗവുമായി 80 കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴി സ്വകാര്യവ്യക്തി തടഞ്ഞതിനെ തുടര്‍ന്ന് മുമ്പും മൃതദേഹങ്ങള്‍ കൊണ്ട് പോകേണ്ടി വന്നിട്ടുണ്ടെന്നും രോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ റോഡ് പഞ്ചായത്ത് തിരിച്ച് പിടിച്ച് ജനങ്ങള്‍ സഞ്ചരിക്കാന്‍ സംവിധാനമുണ്ടാക്കിക്കൊടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more