| Monday, 19th November 2012, 12:30 am

കൂടംകുളത്ത് ഡിസംബര്‍ 15ന് വൈദ്യുതോത്പാദനം തുടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ നിന്ന് ഡിസംബര്‍ 15ന് വൈദ്യുതോല്‍പാദനം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി. ആദ്യ റിയാക്ടറില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നേരത്തേയുള്ള കരാറനുസരിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.[]

പണി പൂര്‍ത്തിയായ ആദ്യ റിയാക്ടറില്‍ യുറേനിയം നിറച്ച് ട്രയല്‍ റണ്‍ നടന്നുവരുകയാണ്. പത്തുദിവസത്തിനകം ഇത് പൂര്‍ത്തിയാകും. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും വൈദ്യതോല്‍പാദനം തുടങ്ങാം. ഏറക്കുറെ ഡിസംബര്‍ 15ന് ഔദ്യോഗികമായി വൈദ്യുതോല്‍പാദനം ആരംഭിക്കും.

ആദ്യ റിയാക്ടറില്‍ ഉല്‍പാദിപ്പിക്കുന്ന 1000 മെഗാവാട്ട് വൈദ്യുതിയില്‍ കരാറനുസരിച്ച് തമിഴ്‌നാട്, കേരളം, പുതുച്ചേരി, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം നല്‍കും. ബാക്കി കേന്ദ്ര ഗ്രിഡിലേക്ക് നല്‍കും. ഇത് എങ്ങോട്ട് എത്തിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.

നിലയത്തിലെ രണ്ടാമത്തെ റിയാക്ടറിന്റെ ജോലികള്‍ 95 ശതമാനം പൂര്‍ത്തിയായതായും നാരായണസ്വാമി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതോല്‍പാദനം തുടങ്ങാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആണവനിലയ അധികൃതര്‍ പറഞ്ഞു.

ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനെക്കൊണ്ട് ആണവനിലയത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യിക്കാനാണ് നീക്കം.

റഷ്യന്‍ സഹായത്തോടെയാണ് കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചത്.

We use cookies to give you the best possible experience. Learn more