വാഷിംഗ്ടണ്‍: ലോകമെമ്പാടും നടക്കുന്ന മീടൂ സമരം കാരണം തന്റെ മകന് പെണ്‍കുട്ടികളോടൊപ്പം ഡേറ്റിംഗിന് പോകാന്‍ സാധിക്കുന്നില്ല എന്ന് പരാതിപ്പെട്ടു അമേരിക്കയിലെ ഒരു സ്ത്രീ പോസ്റ്റ് ചെയ്ത ട്വീറ്റ് വൈറലാകുന്നു. മീടൂ ക്യാമ്പയിന്‍ കാരണം തന്റെ മകന്‍ പേടിച്ചിരിക്കുകയാണെന്നും അതുമൂലം അവന്‍ സ്ത്രീകളോട് ഇടപഴകാന്‍ മടിക്കുകയാണെന്നുമാണ് ഈ അമ്മ പറയുന്നത്.
മകന്റെ നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇവര്‍ ഇങ്ങനെ പറയുന്നു “തന്റെ മകന്‍ സ്ത്രീകളെ ബഹുമാനിക്കുന്നവനും സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനുമാണ്. നേവി ബൂട്ട് ക്യാമ്പില്‍ നിന്നും മര്യാദയും അച്ചടക്കവും ശീലിച്ചവനാണ്. എന്നാല്‍ ഈ ഫെമിനിസ്റ്റുകള്‍ കാരണവും തെറ്റായ ലൈംഗിക ആരോപണങ്ങള്‍ കാരണവും അവന്‍ ഇപ്പോള്‍ ഡേറ്റിംഗിന് പോകുന്നില്ല”.
ALSO READ: നമുക്ക് ഒരുമിച്ച് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം; ഇന്ത്യക്ക് ദുര്‍ഗ്ഗാപൂജാ സന്ദേശവുമായി ചൈന
സ്ത്രീകള്‍ തങ്ങള്‍ക്ക് നേരെ ഉണ്ടായ ചൂഷണങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പുരുഷന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നും ഇവര്‍ വിലപിക്കുന്നു.
എന്നാല്‍ അമ്മയുടെ പ്രവൃത്തി കാരണം ബുദ്ധിമുട്ടിലായത് മകന്‍ പീറ്റര്‍ ഹാന്‍സണാണ്. താന്‍ ഒരിക്കലും “ഹിം ടൂ” ക്യാമ്പയിനിന്റെ ഭാഗമാവില്ല. അമ്മ കാരണം തനിക്കു അങ്ങേയറ്റത്തെ നാണക്കേടാണ് ഉണ്ടായതെന്ന് ഹാന്‍സണ്‍ പറയുന്നു. അമ്മ പറയുംപോലെ തനിക്കു മോശം അനുഭങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തെറ്റിധാരണ പരത്തുന്നതാണ് ട്വീറ്റെന്നും ഹാന്‍സണ്‍ പറയുന്നു. ട്വീറ്റ് തന്നിക്ക് ഫോര്‍വേഡ് ചെയ്തുകൊണ്ട് സുഹൃത്തുക്കള്‍ തന്നെ കളിയാക്കുകയാണെന്നും ഹാന്‍സണ്‍.
ട്വീറ്റിന് മറുപടി പറഞ്ഞുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നു . ദുരന്തം സൂചിപ്പിക്കാനെന്നവണ്ണം വയലിന്‍ വായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തും, ഹാന്‍സന്റെ ദുഃഖത്തില്‍ തങ്ങള്‍ പങ്കുചേരുന്നുവെന്നും പരിഹാസരൂപേണ പറഞ്ഞുകൊണ്ടും ഇവര്‍ ട്വീറ്റിന് മറുപടി കൊടുക്കുകയാണ്. താന്‍ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല എന്നാണു ഹാന്‍സന്റെ സഹോദരന്‍ ജോണ്‍ ഹാന്‍സണ്‍ പ്രതികരിച്ചത്. കൂടുതല്‍ പരിഹാസം ക്ഷണിച്ചവരുത്താതെ പോസ്റ്റ് പിന്‍വലിക്കാന്‍ താന്‍ അമ്മയോട് പറഞ്ഞതായി ഹാന്‍സണ്‍ പറയുന്നു.
ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന മീടൂ സമരത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് “ഹിം ടൂ” ക്യാമ്പയിന്‍ കാണപ്പെടുന്നത്. വലതുപക്ഷ ചിന്താഗതിക്കാരും റിപ്പബ്ലിക്കന്‍സും ആണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലൈംഗിക ആരോപണം നേരിടുന്ന അമേരിക്കന്‍ ന്യായാധിപന്‍ ബ്രെറ്റ് എം കവനോയെ സുപ്രീം കോടതി ന്യായാധിപനായി നിയമിക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് “ഹിം ടൂ” കാമ്പയ്ന്‍ ശ്രദ്ധ നേടുന്നത്.