| Saturday, 7th January 2023, 5:28 pm

പറ്റില്ലെന്ന് പറഞ്ഞവരെക്കൊണ്ട് കയ്യടിപ്പിച്ചവര്‍ | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മളെല്ലാം ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് കംഫര്‍ട്ട് സോണ്‍. നമുക്ക് എളുപ്പത്തിലും മികച്ചതായും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടാവും. നമുക്ക് താല്‍പര്യമുള്ളതും നന്നായി ചെയ്യാന്‍ പറ്റുന്നതുമായ കാര്യങ്ങളില്‍ തന്നെ വ്യാപൃതരാവുകയും ആ ബോക്‌സിനുള്ളില്‍ നിന്നും പുറത്തുകടക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് കംഫര്‍ട്ട് സോണ്‍ എന്ന് പറയുന്നത്. സിനിമയിലും പല അഭിനേതാക്കളേയും ഇത്തരത്തില്‍ പ്രേക്ഷകര്‍ തരംതിരിച്ചുപറയാറുണ്ട്. മമ്മൂട്ടി ഇമോഷണല്‍ രംഗങ്ങളില്‍ അസാധ്യപ്രകടനം കാഴ്ചവെക്കുന്നു എന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ കോമഡിയേയും റൊമാന്‍സിനേയും വിമര്‍ശിച്ചുകാണാറുണ്ട്. ഇമോഷണലാണെങ്കിലും കോമഡിയോ റൊമാന്‍സോ ആണെങ്കിലും കയ്യില്‍ കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ഗംഭീരമാക്കുന്ന മോഹന്‍ലാല്‍ ചരിത്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അപാകത സംഭവിക്കാറുണ്ട് എന്നും നമ്മള്‍ പറയാറുണ്ട്.

ഇത്തരത്തില്‍ ചില താരങ്ങളെ കൊണ്ട് ചില കാര്യങ്ങള്‍ പറ്റില്ല എന്ന് നമ്മള്‍ പറയുകയും പിന്നീട് അതേകാര്യം ചെയ്ത് നമ്മളെ ഞെട്ടിക്കുകയും ചെയ്തവരുണ്ട്. കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടന്ന് വിമര്‍ശകരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച ചില താരങ്ങളെ നോക്കാം.

കംഫര്‍ട്ട് സോണിന് പുറത്ത് കടന്നവരില്‍ ഒന്നാമത് പറയേണ്ട പേരാണ് കുഞ്ചാക്കോ ബോബന്റേത്. റൊമാന്റിക് ചോക്ലേറ്റ് ബോയിക്കപ്പുറം കുഞ്ചാക്കോ ബോബനെ കൊണ്ട് വേറൊന്നിനും പറ്റില്ലെന്നാണ് ഒരു കാലത്ത് മലയാളികള്‍ കരുതിയത്. എന്നാല്‍ ചോക്ലേറ്റ് ബോയ് പരിവേഷത്തില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കുഞ്ചാക്കോ ബോബന് മലയാള സിനിമയില്‍ ഒരു രണ്ടാം ജന്മം തന്നെയാണ് ലഭിച്ചത്.

അദ്ദേഹത്തിന്റെ ഫില്‍മോഗ്രഫിയില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന യുവതാരം വേറെ ഉണ്ടോ എന്ന് സംശയമുണ്ടാവും. അനിയത്തിപ്രാവ്, മയില്‍പീലിക്കാവ്, മഴലില്ല്, നിറം, പ്രിയം, പ്രേം പൂജാരി എന്നിങ്ങനെയുള്ള സ്റ്റീരിയോടൈപ്പില്‍ നിന്നും 2021, 2022 വര്‍ഷങ്ങളിലെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ നായാട്ട്, ഭീമന്റെ വഴി, പട, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നിങ്ങളെ വലിയൊരു വെറൈറ്റിയിലേക്കുള്ള മാറ്റം കാണാം.

കേസ് കൊടിലെയും അറിയിപ്പിലേയും കഥാപാത്രങ്ങളിലേക്ക് കുഞ്ചാക്കോ ബോബന്‍ എത്തുമെന്ന് ഭാവനയില്‍ പോലും ആരും ചിന്തിച്ചുകാണില്ല. നാട്ടിന്‍പുറത്തെ കഥാപാത്രമായാലും ‘നല്ല കുടുംബത്തില്‍’ ജനിക്കുന്ന ചോക്ലേറ്റ് ബോയിയില്‍ നിന്നും കാസര്‍ഗോഡ് സ്ലാങ് പറയുന്ന, ഒരു പ്രിവിലേജുമില്ലാത്ത കള്ളനിലേക്ക് കുഞ്ചാക്കോ ബോബന്‍ ഇറങ്ങിവരുമ്പോള്‍ തന്നെ അഭിനേതാവ് എന്ന നിലയില്‍ വലിയ ഉയരത്തിലേക്കാണ് അദ്ദേഹം എത്തിയത്.

ഈ നിരയില്‍ അടുത്തത് ദുല്‍ഖര്‍ സല്‍മാനാണ്. അര്‍ബന്‍ കഥാപാത്രങ്ങള്‍ക്കപ്പുറം അഭിനയ പ്രാധാന്യമുള്ളതൊന്നും ചെയ്യാന്‍ പറ്റാത്ത നടന്‍ എന്നതായിരുന്നു ദുല്‍ഖറിനെതിരായ വിമര്‍ശനം. എന്നാല്‍ കമ്മട്ടിപ്പാടത്തിലെ കൃഷ്ണനിലൂടെയും പറവയിലെ ഇമ്രാനിലൂടെയും തന്നിലെ നടനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ദുല്‍ഖര്‍ തുടങ്ങിയിരുന്നു.

2022 പരിശോധിച്ചാല്‍ വ്യത്യസ്തകഥാപാത്രങ്ങള്‍ക്കപ്പുറം ചെയ്ത നാല് സിനിമകളും നാല് ഭാഷകളിലാണ് എന്നത് ദുല്‍ഖറിന് മാത്രം സ്വന്തമായ അപൂര്‍വ നേട്ടമായിരിക്കാം. ദുല്‍ഖര്‍ ഒരു മലയാളി ആണെങ്കിലും തമിഴനെ പോലെ തമിഴ് സംസാരിക്കുകയും തെലുങ്കനെ പോലെ തെലുങ്ക് സംസാരിക്കുകയും നോര്‍ത്ത് ഇന്ത്യന്‍സിനെ പോലെ ഹിന്ദി സംസാരിക്കുകയും ചെയ്യുന്നു എന്നാണ് സംവിധായകന്‍ ആര്‍. ബാല്‍കി പറഞ്ഞത്. സീതാ രാമത്തിലെയും ചുപ്പിലെയും തന്റെ പ്രകടനം കൊണ്ട് തന്റെ വിമര്‍ശകരുടെ വാ അടപ്പിച്ച നടന്മാരില്‍ ദുല്‍ഖറും മുന്നില്‍ തന്നെയുണ്ടാവും.

ഒരു സ്റ്റാറായാല്‍ മാസും ഫൈറ്റും കോമഡിയും റൊമാന്‍സും ഡാന്‍സുമൊക്കെ ഒന്നിച്ചുചേര്‍ന്ന കോമ്പിനേഷനാണെന്ന് സാധാരണ പറയാറുണ്ട്. ടൊവിനോ തോമസിന് ഇതില്‍ ഇല്ലാതിരുന്നത് ഡാന്‍സായിരുന്നു. ടൊവിനോയെ കൊണ്ട് ഡാന്‍സ് ഒന്നും പറ്റില്ല എന്ന് പറയുന്നതിന് പുറമേ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനെ കൊണ്ട് പലരും നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിച്ച സന്ദര്‍ഭങ്ങള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തല്ലുമാലയിലെ കണ്ണില്‍ പെട്ടോളേ എന്ന പാട്ട് പുറത്ത് വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവിശ്വസനീയതോടെയാണ് പ്രേക്ഷകര്‍ കണ്ടത്. പ്രൊഫഷണല്‍ ഡാന്‍സേഴ്‌സിന്റെ ഫ്‌ളക്‌സിബിലിറ്റിയോടെ ഡാന്‍സ് കളിച്ച് ടൊവിനോ വിമര്‍ശകരെ വെല്ലുവിളിച്ചു.

2022ല്‍ ഞെട്ടിച്ച മറ്റൊരു താരം ബിന്ദു പണിക്കരാണ്. സൂത്രധാരനിലെ ദേവൂമ്മ ഉള്‍പ്പെടെയുള്ള പല ഭാവത്തിലുള്ള അവരുടെ കഥാപാത്രങ്ങളെ മറന്നുകൊണ്ട് ബിന്ദുവിനെ പലപ്പോഴും ഹാസ്യ നടി എന്ന കാറ്റഗറിയിലേക്ക് മാത്രമായി നാം ഒതുക്കിയിരുന്നു. ആ ബിന്ദു പണിക്കര്‍ മമ്മൂട്ടിക്കെതിരെ നില്‍ക്കുന്ന ഒരു മാസ് വില്ലത്തിയായി എത്തുമെന്ന് ആരും കാരുതിക്കാണില്ല. സെറ്റുസാരിയുടുത്ത നാട്ടിന്‍പുറത്തെ പ്രാരാബ്ധം നിറഞ്ഞ പാവം പിടിച്ച അമ്മ എന്ന സ്റ്റീരിയോടൈപ്പിനെ ബ്രേക്ക് ചെയ്യുക കൂടിയായിരുന്നു ബിന്ദു.

ആണും പെണ്ണും എന്ന ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയും ഇതിപോലൈാരു സ്റ്റീരിയോടൈപ്പ് ബ്രേക്കറാണ്. ഏത് സിനിമയായാലും കവിയൂര്‍ പൊന്നമ്മയെ പ്രേക്ഷകര്‍ കാണുന്നത് ഉണ്ണിയുടെ അമ്മയായിട്ടാണ്. ഇമോഷണലായ സാധുവായ കഥാപാത്രങ്ങളില്‍ നിന്നും രണ്ട് വ്യക്തികളുടെ സെക്‌സിലേക്ക് ഒളിഞ്ഞുനോക്കുന്ന അതിന്റെ ചെറിയ ഡീറ്റെയ്ല്‍സ് പോലും അറിയാന്‍ വ്യഗ്രത കാണിക്കുന്ന ഒരു ചൊറിയത്തി കഥാപാത്രമായി കവിയൂര്‍ പൊന്നമ്മ അഭിനയിക്കുന്നത് അവിശ്വസനീയതോടെ മാത്രമേ കണ്ടിരിക്കാനാവൂ. കവിയൂര്‍ പൊന്നമ്മയെ പോലെയും ബിന്ദു പണിക്കരെ പോലെയുമുള്ള നടികളെ ഇത്രയുംനാള്‍ മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ പ്രയോജനപ്പെടുത്തിയോ എന്നൊരു ചോദ്യവും ഇവിടെ നമുക്ക് സ്വയം ചോദിക്കാം.

Content Highlight: stars who stepped out of their comfort zone and were applauded by critics

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്