ജനങ്ങള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള വിഷയമാണ് രാഷ്ട്രീയവും സിനിമയും. താരങ്ങളുടെ രാഷ്ട്രീയ ചായ്‌വ് അറിയാന്‍ ജനങ്ങള്‍ക്ക് എപ്പോഴും ഒരു കൗതുകമുണ്ടാവാറുണ്ട്. രാഷ്ട്രീയ ചായ്‌വുകള്‍ തുറന്ന് പറഞ്ഞ ചില താരങ്ങളെ നോക്കാം.
സിജു വില്‍സണ്‍ തന്റെ പിതാവ് സി.ഐ.ടി.യുക്കാരനായ ചുമട്ട് തൊഴിലാളിയായിരുന്നു എന്ന് പറഞ്ഞത് അടുത്തിടെ വലിയ ശ്രദ്ധ നേടിയിരുന്നു. കുറച്ച് നാള്‍ മുമ്പ് പറഞ്ഞത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസിന്റെ സമയത്ത് വൈറലാവുകയായിരുന്നു. തന്റെ പിതാവ് സി.ഐ.ടി.യുക്കാരനായ ചുമട്ട് തൊഴിലാളിയായിരുന്നെന്നും ആ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലത്തിലാണ് താന്‍ ആരോഗ്യത്തോടെ നില്‍ക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമായി പറഞ്ഞില്ലെങ്കിലും സിജു അച്ഛന്‍ സി.ഐ.ടി.യും ചുമട്ട് തൊഴിലാളിയാണെന്ന് പറഞ്ഞത് വൈറലാവുകയിരുന്നു.
നിഖിലാ വിമലും താന്‍ കണ്ണൂര്‍ക്കാരിയും കമ്യൂണിസ്റ്റുമാണെന്ന് അഭിമുഖങ്ങളിലൊക്കെ പറയാറുണ്ട്. രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയ ചില താരങ്ങള്‍ തങ്ങളുടെ കോണ്‍ഗ്രസ് ചായ്‌വ് വ്യക്തമാക്കിയിട്ടുള്ളതാണ്. ധര്‍മജന്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. രമേശ് പിഷാരടി ധര്‍മജന്റേതുള്‍പ്പെടെ പല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ടൊവിനോ എല്ലാ കാലത്തും തന്റെ ഇടത് അനുകൂല പക്ഷം തുറന്ന് പറഞ്ഞ താരമാണ്. ഭീമന്‍ രഘു, സുരേഷ് ഗോപി, കൃഷ്ണ കുമാര്‍ എന്നിവര്‍ ബി.ജെ.പിയോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി തൃശ്ശൂരും, ഭീമന്‍ രഘു പത്തനാപുരത്തും ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.
ബി.ജെ.പിയില്‍ തനിക്ക് നരേന്ദ്ര മോദിയെ മാത്രമേ ഇഷ്ടമുള്ളൂവെന്നും അദ്ദേഹമാണ് യഥാര്‍ത്ഥ നേതാവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഇടത് ചായ്‌വ് എടുത്തു പറയേണ്ട ആവശ്യമില്ല. കൈരളി ടി.വിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. നടന്‍ വിനായകനും വ്യക്തമായ ഇടത് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ താല്‍പര്യം തുറന്ന് പറയുമ്പോള്‍ സൈബര്‍ അറ്റാക്കും വിമര്‍ശനങ്ങളും താരങ്ങള്‍ക്കെതികരെ വരുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇതുമൂലം പലരും തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാന്‍ മടിക്കാറുണ്ട്.
Content Highlight: Stars who have openly spoken about politics