| Thursday, 7th September 2023, 11:27 pm

എല്ലാവരോടും പറഞ്ഞേക്ക് ഞാന്‍ തിരിച്ചുവരുന്നുണ്ടെന്ന്! ഓസീസ് സൂപ്പര്‍താരം ഐ.പി.എല്ലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസ് ബൗളിങ് താരം മിച്ചല്‍ സ്റ്റാര്‍ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നു. ഐ.പി.എല്‍ 2024ലാണ് താരം തിരിച്ചെത്തുക. സ്റ്റാര്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സ്റ്റാര്‍ക്ക് ഐ.പി.എല്ലിലേക്ക് തിരിച്ചുവരുന്നത്.

2015 ഐ.പി.എല്‍ സീസണിലായിരുന്നു താരം അവസാനമായി ഐ.പി.എല്‍ കളിച്ചത്. അന്ന് ആര്‍.സി.ബിയുടെ താരമായിരുന്നു സ്റ്റാര്‍ക്. വില്ലോ ക്രിക്കറ്റിനോട് സംസാരിക്കവെയാണ് ഐ.പി.എല്ലിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം സ്റ്റാര്‍ക് അറിയിച്ചത്.

അടുത്ത വര്‍ഷം അരങ്ങേറുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി തയ്യാറെടുക്കാന്‍ ഐ.പി.എല്‍ മികച്ച അവസരമാണെന്നും എന്തായാലും തിരിച്ചുവരുമെന്നും സ്റ്റാര്‍ക് പറഞ്ഞു. ഈ വര്‍ഷത്തെ വിന്റര്‍ സീസണിനേക്കാള്‍ ശാന്തമായൊരു വിന്റര്‍ സീസണായിരിക്കും അടുത്ത വര്‍ഷമെന്നും അത് കാരണം ഐ.പി.എല്ലില്‍ പേര് കൊടുക്കാന്‍ പോകുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ നോക്കു, എട്ട് വര്‍ഷമായി ഞാന്‍ ഐ.പി.എല്ലില്‍ കളിച്ചിട്ട്, എന്തായാലും ഞാന്‍ അടുത്ത വര്‍ഷം തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ടി-20 ലോകകപ്പിന് മുന്നോടിയായി അതൊരു മികച്ച തയ്യാറെടുപ്പായിരിക്കും.

ഐ.പി.എല്‍ ടീമുകള്‍ എന്നില്‍ താത്പര്യമുണ്ടോ എന്നറിയാനുള്ള മികച്ചൊരു അവസരമാണിത്. ഈ വര്‍ഷത്തെ വിന്ററിന് സംമ്പന്ധിച്ച് അടുത്ത വര്‍ഷത്തെ വിന്റര്‍ കുറച്ചുകൂടെ ശാന്തമായിരിക്കും, അതുകൊണ്ട് ഇതാണ് എന്റെ പേര് നല്‍കാനുള്ള പെര്‍ഫെക്ടട് അവസരമെന്ന് എനിക്ക് തോന്നുന്നു,’ സ്റ്റാര്‍ക് പറഞ്ഞു.

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കായി രണ്ട് സീസണില്‍ നിന്നും 27 മത്സരങ്ങളിലായി 34 വിക്കറ്റ് സ്റ്റാര്‍ക് സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സ് താരത്തിനെ ലേലത്തില്‍ വിളിച്ചുവെങ്കിലും സ്റ്റാര്‍ക് കളിക്കാന്‍ തയ്യാറായില്ല.

Content Highlight: Starc Desire To Come Back in Ipl

We use cookies to give you the best possible experience. Learn more