| Friday, 25th October 2024, 1:11 pm

ബഹിഷ്‌കരണാഹ്വാനം; സ്റ്റാര്‍ബക്സിന്റെ വില്‍പനയില്‍ വീണ്ടും ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ ആഗോളതലത്തിലെ വില്‍പനയില്‍ വീണ്ടും ഇടിവ് നേരിട്ട് സ്റ്റാര്‍ബക്‌സ്. മൂന്നാം തവണയാണ് കമ്പനിയുടെ ലാഭത്തില്‍ ഇടിവ് സംഭവിക്കുന്നത്.

ഇസ്രഈല്‍ അനുകൂല നിലപാടിന്റെ പേരില്‍ ലോകം മുഴുവന്‍ ബഹിഷ്‌കരണം നേരിടുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് സ്റ്റാര്‍ബക്‌സ്. 2023 ഒക്ടോബറില്‍ സ്റ്റാര്‍ബക്‌സിലെ ജീവനക്കാരുടെ യൂണിയന്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

തുടര്‍ന്ന് തങ്ങളുടെ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് സ്റ്റാര്‍ബക്‌സ് യൂണിയനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയുമുണ്ടായി. എന്നാല്‍ യൂണിയന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ബ്രാന്‍ഡ് പ്രതിസന്ധിയിലായി.

നിലവില്‍ ആഗോളവില്‍പനയില്‍ ഏഴ് ശതമാനം ഇടിവാണ് സ്റ്റാര്‍ബക്സ് നേരിട്ടത്. 2024 ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഈ ഇടിവുണ്ടായിരിക്കുന്നത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രണ്ട് ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൂന്ന് ശതമാനവും സ്റ്റാര്‍ബക്‌സ് ഇടിവ് നേരിട്ടിരുന്നു. വില്‍പനയിലെ ഇടിവ് സ്റ്റാര്‍ബക്സ് ഓഹരികളെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

കമ്പനിയിലെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ടെങ്കിലും വില്‍പനയില്‍ ലാഭം കൊയ്യാന്‍ സ്റ്റാര്‍ബക്‌സിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ റുഗ്ഗേരി പറഞ്ഞു. ഇടിവിനെ മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടിവ് നേരിട്ടതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പ്രവചനത്തില്‍ നിന്ന് സ്റ്റാര്‍ബക്‌സ് പിന്മാറി. പിന്നാലെ സ്റ്റാര്‍ബക്‌സിന് ഒരു അടിസ്ഥാന മാറ്റം ആവശ്യമാണെന്ന് ബ്രാന്‍ഡിന്റെ പുതിയ സി.ഇ.ഒ ബ്രയാന്‍ നിക്കോള്‍ പറഞ്ഞു.

തീവ്രവാദത്തെയും ഭീകരവാദത്തെയും അനുകൂലിക്കുന്നുവെന്ന തരത്തില്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് യൂണിയന്‍ പരാതി നല്‍കിയതാണ് സ്റ്റാര്‍ബക്‌സിന് കൂടുതല്‍ വെല്ലുവിളി സൃഷ്ടിച്ചത്.

തുടര്‍ന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കുകയായിരുന്നു. തുര്‍ക്കിയില്‍ സ്റ്റാര്‍ബക്‌സിനെതിരെ നിരവധി പ്രതിഷേങ്ങളാണ് നടന്നത്. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ എ.കെ.പി പാര്‍ട്ടി സ്റ്റാര്‍ബക്‌സ് ഔട്ട്ലെറ്റുകളില്‍ കുത്തിയിരിപ്പ് സമരങ്ങള്‍ വരെ സംഘടിപ്പിച്ചിരുന്നു.

നവംബറില്‍ സ്റ്റാര്‍ബക്‌സ് കേസ് പിന്‍വലിച്ചെങ്കിലും ബഹിഷ്‌കരണ പ്രചരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനിക്ക് സാധിച്ചില്ല.

യു.കെ, ഓസ്‌ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിന്റെയും പ്രതിഷേധങ്ങള്‍ നടക്കുന്നത്തിന്റെയും വീഡിയോകള്‍ എക്സില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Content Highlight: Starbucks directly faces another drop in global sales amid calls for a boycott

We use cookies to give you the best possible experience. Learn more