ന്യൂയോർക്ക്: ഏറ്റവുമധികം കച്ചവടം നടക്കുന്ന അവധിക്കാല സമയത്ത് ആഗോള കോഫി ഭീമന്മാരായ സ്റ്റാർബക്സ് ഞെരുക്കത്തിൽ. ഇസ്രഈൽ അനുകൂല ബ്രാൻഡുകൾക്കെതിരെ ലോക വ്യാപകമായി നടക്കുന്ന ബഹിഷ്കരണ ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റാർബക്സിനെതിരെ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്.
യു.എസ് ഉൾപ്പെടെ ലോകമെമ്പാടും സ്റ്റാർബക്സ് സ്റ്റോറുകൾ ആക്രമിക്കുന്നതിനെയും പ്രതിഷേധങ്ങൾ വർധിക്കുന്നതിനെയും അപലപിച്ചുകൊണ്ട് സ്റ്റാർബക്സ് സി.ഇ.ഒ ലക്ഷ്മൺ നരസിംഹൻ ജീവനക്കാർക്ക് തുറന്ന കത്തെഴുതി.
‘ഒരുപാട് കാര്യത്തിൽ എനിക്ക് സന്തോഷമുണ്ടെങ്കിലും നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥയിൽ എനിക്ക് ആശങ്കയുണ്ട്. പല ഭാഗങ്ങളിലും സംഘർഷങ്ങൾ നടക്കുന്നു.
നിഷ്കളങ്കരായ ആളുകൾക്കെതിരെ ആക്രമണം നടക്കുന്നു. വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും നടക്കുന്നു. ഇതെല്ലാം പച്ചകള്ളമാണ്. ഇതിനെയെല്ലാം നമ്മൾ അപലപിക്കുന്നു. നമ്മുടെ നിലപാട് വ്യക്തമാണ്. നമ്മൾ മനുഷ്യത്വത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്,’ നരസിംഹൻ കത്തിൽ എഴുതി.
അതേസമയം വില്പനയെ എങ്ങനെ ബാധിച്ചുവെന്ന് ഇതുവരെ സ്റ്റാർബക്സ് വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമേ കമ്പനിയുടെ ത്രൈമാസ വില്പന റിപ്പോർട്ട് പുറത്തുവരികയുള്ളൂ. എങ്കിലും സ്റ്റാർബക്സ് വില്പനയിൽ വലിയ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
പ്രൊമോഷനുകളെക്കാൾ മന്ദഗതിയിലാണ് സ്റ്റാർബക്സിന്റെ അവധിക്കാല വില്പനയെന്ന് ഡിസംബർ തുടക്കത്തിൽ ജെ.പി. മോർഗൻ അനലിസ്റ്റ് ജോൺ ഇവാൻകോ വിലയിരുത്തിയിരുന്നു.
സ്റ്റാർബക്സ് വില്പന കുറയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിലും ഇടിവ് നേരിട്ടിരുന്നു.
യു.കെ, ഓസ്ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ സ്റ്റാർബക്സ് ഔട്ലെറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന്റെയും പ്രതിഷേധങ്ങൾ നടക്കുന്നത്തിന്റെയും വീഡിയോകൾ എക്‌സിൽ പ്രചരിച്ചിരുന്നു.
ഒക്ടോബറിൽ സ്റ്റാർബക്സ് ജീവനക്കാരുടെ കൂട്ടായ്മയായ വർക്കേഴ്സ് യുണൈറ്റഡ് സമൂഹ മാധ്യമങ്ങളിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സന്ദേശം അയച്ചതിന് പിന്നാലെ കമ്പനി യൂണിയനെതിരെ കേസ് നൽകിയിരുന്നു.