ഫെബ്രുവരിയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനാണ് രോഹിത് ശര്‍മയും സംഘവും ഒരുങ്ങുന്നത്.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്താണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സ്‌ക്വാഡിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇന്ത്യന്‍ സ്‌ക്വാഡ് തെരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടുകളുടെ അഭിപ്രായം പരിഗണിച്ചാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത നിതീഷ് കുമാര്‍ റെഡ്ഡിയും യശസ്വി ജെയ്‌സ്വാളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്ത ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാണ്.
വിക്കറ്റ് കീപ്പര്‍മാരായി മൂന്ന് താരങ്ങളെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഗ്ലൗമാനായ കെ.എല്‍. രാഹുലിന് പുറമെ സഞ്ജു സാംസണും റിഷബ് പന്തുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.
2023 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും പരിക്കിനോട് പൊരുതി തിരിച്ചെത്തിയ മുഹമ്മദ് ഷമിയും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്‌ക്വാഡിലുണ്ട്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണം എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്‌ക്വാഡ് തെരഞ്ഞെടുത്തിരിക്കുന്നത്.
കെ.എല്‍. രാഹുലിനൊപ്പം റിഷബ് പന്തിനെ വിക്കറ്റ് കീപ്പറാക്കി ടൂര്‍ണമെന്റിനിറങ്ങണം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഏകദിനത്തില്‍ റിഷബ് പന്തിനേക്കാള്‍ മികച്ച സ്റ്റാറ്റ്സുള്ള സഞ്ജു സാംസണെയാണ് മറ്റുചിലര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇരുവരെയും ചേര്‍ത്താണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങും സഞ്ജുവിനെയും പന്തിനെയും ഭാഗമാക്കി സ്‌ക്വാഡ് തെരഞ്ഞെടുത്തിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: Star Sports announced their squad for India’s ICC Champions Trophy Campaign