| Monday, 5th September 2022, 6:21 pm

പട്ടികള്‍ അവിടെ കിടന്ന് കുരക്കട്ടെ, നീ തനി തങ്കമാണെന്ന് ഞങ്ങള്‍ക്കറിയാം; അര്‍ഷ്ദീപിനൊപ്പം അണിനിരന്ന് സൂപ്പര്‍താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ ക്യാച്ച് കൈവിട്ടതിനെ തുടര്‍ന്ന് വലിയ വിദ്വേഷ പ്രചരണം നേരിടുന്ന അര്‍ഷ്ദീപ് സിങ്ങിന് പിന്തുണയുമായി പ്രമുഖര്‍. വിരാട് കോഹ്‌ലി, ഹര്‍ഭജന്‍ സിങ്, ബോക്‌സര്‍ വിജേന്ദര്‍ സിങ് തുടങ്ങി നിരവധി പേരാണ് അര്‍ഷ്ദീപിനെ പിന്തുണച്ചെത്തിയത്.

പട്ടികള്‍ കുരച്ചുകൊണ്ടേയിരിക്കും. അതൊന്നും കാര്യമാക്കേണ്ട എന്നാണ് വിജേന്ദര്‍ സിങ് ട്വീറ്റ് ചെയ്തത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്ങും അര്‍ഷ്ദീപ് സിങ്ങിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നോട് രൂക്ഷമായി പ്രതികരിച്ചു.

‘അര്‍ഷ്ദീപ് സിങ്ങിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ദയവ് ചെയ്ത് നിര്‍ത്തണം. ആരും കരുതിക്കൂട്ടിയല്ല ക്യാച്ച് വിട്ടുകളയുന്നത്. നമ്മുടെ പിള്ളേരില്‍ നമുക്ക് അഭിമാനമേയുള്ളു. പാകിസ്ഥാന്‍ നമ്മളേക്കാള്‍ നന്നായി കളിച്ചു… സ്വന്തം ആളുകളെ ഇങ്ങനെ താഴ്ത്തികെട്ടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നവര്‍ നാണംകെട്ട പരിപാടിയാണ് ചെയ്യുന്നത്. അര്‍ഷ് സ്വര്‍ണമാണ്,’ ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു.

മാച്ചിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ വെച്ചായിരുന്നു വിരാട് കോഹ്‌ലി ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. വീഴ്ചകള്‍ ആര്‍ക്കും സംഭവിക്കാമെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. സമാനമായ സാഹചര്യത്തിലൂടെ താന്‍ കടന്നുപോയ അനുഭവവും വിരാട് പങ്കുവെച്ചു.

‘ആര്‍ക്കും മിസ്‌റ്റേക്ക് സംഭവിക്കാം. അത്രയും സമ്മര്‍ദമുള്ള ഒരു സാഹചര്യമായിരുന്നു അത്. ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി കളിച്ച സമയം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഷാഹിദി അഫ്രീദിയുടെ ബോളുകളോട് വളരെ മോശം രീതിയിലായിരുന്നു എന്റെ പ്രകടനം.

കളി കഴിഞ്ഞ ശേഷം റൂമിലെത്തി എനിക്ക് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പുലര്‍ച്ചെ അഞ്ച് മണി വരെ മുകളിലേക്ക് നോക്കി കിടന്നു. എന്റെ കരിയര്‍ തീര്‍ന്നുപോയി എന്ന് തന്നെ ഞാന്‍ വിചാരിച്ചു. പക്ഷെ പിന്നീട് ഇതൊക്കെ സ്വാഭാവികമാണെന്ന് എനിക്ക് മനസിലായി. ഇവിടെ ഇപ്പോള്‍ സീനിയര്‍ കളിക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നല്ലൊരു ടീം എന്‍വയോണ്‍മെന്റുണ്ട്.

അതിന്റെ എല്ലാ ക്രെഡിറ്റും ക്യാപ്റ്റനും കോച്ചിനുമാണ്. എല്ലാ കളിക്കാരും അവരുടെ മിസ്‌ടേക്കുകളില്‍ നിന്ന് തന്നെയാണ് പാഠങ്ങള്‍ പഠിച്ച് മുന്നേറുന്നത്. അതുകൊണ്ട് പറ്റിയ വീഴ്ച എന്താണെന്ന് മനസിലാക്കി ഇനി സമ്മര്‍ദം നിറഞ്ഞ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടത്,’ കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഏഷ്യാ കപ്പിലെ സൂപ്പര്‍ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റത്. മാച്ചില്‍ പാക് താരം ആസിഫ് അലിയുടെ ക്യാച്ചാണ് അര്‍ഷ്ദീപ് സിങ്ങില്‍ നിന്നും കൈവിട്ടുപോയത്. രവി ബിഷ്‌ണോയിയായിരുന്നു പന്തെറിഞ്ഞത്. കളിയില്‍ ഇന്ത്യ പരാജയപ്പെടുക കൂടി ചെയ്തതോടെ ഈ കൈവിട്ട ക്യാച്ചില്‍ പിടിച്ചായി വിദ്വേഷ പ്രചരണം.

അര്‍ഷ്ദീപ് സിങ്ങ് ഖാലിസ്ഥാനിയാണെന്ന വ്യാജ പ്രചരണത്തിലേക്ക് വരെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് തോറ്റപ്പോള്‍ മുഹമ്മദ് ഷമിക്കെതിരെ പാക് ചാരനെന്ന് വിളിച്ചുകൊണ്ട് കടുത്ത വിദ്വേഷമായിരുന്നു അഴിച്ചുവിട്ടത്.

Content Highlight: Star players support Arshdeep Singh

We use cookies to give you the best possible experience. Learn more