ചികിത്സാ സമയത്ത് കൂടെ നിന്നു, എനിക്ക് എല്ലാം നല്‍കിയത് കൊല്‍ക്കത്ത; ചര്‍ച്ചയായി റസലിന്റെ വാക്കുകള്‍
Cricket news
ചികിത്സാ സമയത്ത് കൂടെ നിന്നു, എനിക്ക് എല്ലാം നല്‍കിയത് കൊല്‍ക്കത്ത; ചര്‍ച്ചയായി റസലിന്റെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 8:24 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 179 റണ്‍സാണ് നേടിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഈ പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്.

81 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസിന്റെ പെര്‍ഫോമെന്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന് നിര്‍ണായകമായത്. എന്‍. ജഗദീശന്‍(19), ശാര്‍ദൂല്‍ താക്കൂര്‍(0), വെങ്കിടേഷ് അയ്യര്‍(11), നിതീഷ് റാണ(4) എന്നിവര്‍ കൊല്‍ക്കത്ത നിരയുടെ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു. ഈ സമയത്ത് ഗുര്‍ബാസിനെ കൂടാതെ ആന്ദ്രെ റസലിന്റെ 19 പന്തില്‍ 34 റണ്‍സെന്ന പ്രകടനം ടീമിന് നല്ല സ്‌കോര്‍ സമ്മാനിച്ചു.

തന്റെ പിറന്നാള്‍ ദിനത്തിലാണ് ആന്ദ്രെ റസലിന്റെ മിന്നും പ്രകടനം. കെ.കെ.ആര്‍ തനിക്ക് ഒരു കുടുംബത്തെപ്പോലെയാണെന്നും ടീം തനിക്ക് എല്ലാം നല്‍കിയെന്നും മത്സരത്തിനിടയില്‍ സ്റ്റാര്‍ സ്‌പോര്‍ടിസിനോട് സംസാരിക്കവെ റസല്‍ പറഞ്ഞു.

‘ഞാന്‍ ഇവിടെ(കൊല്‍ക്കത്ത) സന്തോഷവാനാണ്. ഈ ടൂര്‍ണമെന്റില്‍ ഞാന്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയും കാണുന്നില്ല. ഒമ്പത് വര്‍ഷത്തോളം കൊല്‍ക്കത്തക്കൊപ്പമുണ്ട്.

 

എല്ലാ വര്‍ഷവും കൊല്‍ക്കത്ത ടീമിലെ ആളുകളുമായി അടുത്തിടപഴകുമ്പോള്‍ എനിക്ക് ഉണ്ടാകുന്ന സന്തോഷം വിവരിക്കാനാകാത്തതാണ്,’ ആന്ദ്രെ റസല്‍ പറഞ്ഞു.

കാല്‍മുട്ടിന് പരിക്ക് പറ്റിയ സമയത്തും ചികിത്സക്ക് കെ.കെ.ആര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും റസല്‍ പറഞ്ഞു.

2014 മുതല്‍ ഐ.പി.എല്ലില്‍ ആന്ദ്ര റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാകുന്നത്. ആ വര്‍ഷം കൊല്‍ക്കത്ത ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു റസല്‍.

Content Highlight:  Star Player Andre Russell talk about kolkata knight riders