2024 ഐ.പി.എല്ലിന് തയ്യാറായി ഇരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മാര്‍ച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ എം.എസ് ധോണിയും കൂട്ടരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. എന്നാല്‍ സി.എസ്.കെ ടൂര്‍ണമെന്റിന് മുമ്പേ തിരിച്ചടി നേരിട്ടിരുന്നു.
ടീമിന്റെ സ്റ്റാര്‍ ഓപ്പണര്‍ ഡെവേണ്‍ കോണ്‍വേ പരിക്ക് മൂലം മാറി നിന്നിരുന്നു. കോണ്‍വേക്ക് പുറമേ ശ്രീലങ്കന്‍ ബൗളര്‍ മതീഷാ പതിരാനയും പരിക്ക് മൂലം പുറത്തായത് ഫ്രാഞ്ചൈസിയെ ഏറെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിന് മറ്റൊരു തിരിച്ചടിയും സംഭവിച്ചിരിക്കുകയാണ്.
ബംഗ്ലാദേശും ശ്രീലങ്കയുമായി നടന്ന മൂന്നാം ഏകദിന പരമ്പരയില്‍ ബംഗ്ലാ പേസ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ കുഴഞ്ഞ് വീഴുകയും സ്‌ട്രെച്ചറില്‍ കൊണ്ടുപോകുകയും ഉണ്ടായി. ചെന്നൈയുടെ പ്രധാന ബൗളറാണ് മുസ്തഫിസൂര്‍.
ശ്രീലങ്കയുടെ ബാറ്റിങ്ങിനിടെ 48ാം ഓവറിലാണ് സംഭവം. നേരത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുറിന്റെ 10ാം ഓവര്‍ ആരംഭിച്ചതിന് ശേഷം, ഇടത് കൈക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഓവറിലെ അവസാന പന്ത് എറിഞ്ഞ് വയറ്റില്‍ മുറുകെ പിടിക്കുകയും ഒടുവില്‍ നിലത്ത് കുഴഞ്ഞ് വീഴുകയും ചെയ്തു. ഒമ്പത് ഓവര്‍ എറിഞ്ഞ അദ്ദേഹം 39 റണ്‍സ് വഴങ്ങിയത്.
Content Highlight: Star pacer Mustafizur Rahman collapsed on the ground