| Thursday, 5th April 2018, 5:36 pm

'ഇനി കളി സ്റ്റാര്‍ ഇന്ത്യയില്‍'; ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്; സ്വന്തമാക്കിയത് നിലവിലെ കരാറിന്റെ ഇരട്ടി തുകയ്ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങിയത്. 2018 മുതല്‍ 2023 വരെയാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍.

വിദേശത്തും സ്വദേശത്തുമായി നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ ഇനി സ്റ്റാര്‍ ഇന്ത്യയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. നിലവിലും ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ സ്റ്റാര്‍ ഇന്ത്യ തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത്. 2012 മുതല്‍ 2018 വരെയുള്ള കരാര്‍ സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത് 3851 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഇരട്ടിയോളം വര്‍ധിച്ചു.

നിലവിലെ കരാറനുസരിച്ച് ഇന്ത്യയുടെ ഒരു മത്സരത്തിന് ശരാശരി 60 കോടി രൂപ വീതമാണ് സംപ്രേഷണാവകാശത്തില്‍ ബി.സി.സി.ഐയ്ക്ക് ലഭിക്കുക. ഐ.പി.എല്ലിലെ ഒരു മത്സരങ്ങളേക്കാള്‍ അധികമാണിത്. നേരത്തെ ഐ.പി.എല്ലിന്റെ പ്രക്ഷേപണാവകാശവും സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യയുടെ ഐ.പി.എല്‍ കരാര്‍. കഴിഞ്ഞവര്‍ഷം വരെ ഇത് സോണി പിക്‌ചേഴ്‌സിനായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളും സംപ്രേക്ഷണാവകാശത്തിനായും സോണിപിക്‌ചേഴ്‌സ് രംഗത്തുണ്ടായിരുന്നു.

ദേശീയ ടീമിന്റെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യാനുള്ള കരാറിന്റെ ലേലം രണ്ടാംദിനം അവസാനിച്ചപ്പോള്‍ തന്നെ 6032.5 കോടി രേഖപ്പെടുകത്തിയിരുന്നു. ഇതാണ് 6138.1 കോടിയില്‍ അവസാനിച്ചത്.

We use cookies to give you the best possible experience. Learn more