ഒരുപിടി താരങ്ങളുടെ ലോകകപ്പ് ആയിരുന്നു ഇത്. പലരും പ്രതീക്ഷിച്ച പോലെ മികവു പുലര്‍ത്തിയപ്പോള്‍ ചിലര്‍ അപ്രതീക്ഷിതമായി കടന്നു വന്നു മികവ് പുലര്‍ത്തി. ഒരുപാട് പ്രതീക്ഷകളുമായി വന്നു നിരാശ സമ്മാനിച്ചവരും ഈ ലോകകപ്പിന്റെ ഭാഗമായി.
ഇന്ത്യ
രോഹിത് ശര്‍മ്മ
ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍. അഞ്ചു സെഞ്ചുറികളടക്കം 648 റണ്‍സുമായി ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചയാള്‍. ലോകത്തെ രണ്ടാം നമ്പര്‍ ബാറ്റ്സ്മാനായ അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറത്താണ് അദ്ദേഹം നല്‍കിയത്. പ്രത്യേകിച്ചും ഐ.പി.എല്ലിലെ ഫോമിലില്ലായ്മ കൂടെ കണക്കിലെടുത്തപ്പോള്‍ ഇത്രയും മാസ്മരികമായ പ്രകടനം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചവര്‍ വിരളമായിരിക്കും.
വിരാട് കോഹ്‌ലി
പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനാകാതെ പോയ ഒരു ടൂര്ണമെന്റായിരുന്നു വിരാടിനിത്. സെഞ്ചുറികള്‍ കൊണ്ടു കൊട്ടാരം നെയ്ത കവര്‍ ഡ്രൈവുകളുടെ ഈ രാജകുമാരന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഉണ്ടാക്കിയെടുത്ത നിലവാരം അത്രകണ്ടു വലുതായതു കൊണ്ടായിരിക്കാം തുടര്‍ച്ചയായി അഞ്ചു അര്‍ദ്ധ ശതകങ്ങള്‍ തികച്ച അദ്ദേഹത്തിന്റെ പ്രകടനവും ശരാശരി മാത്രമായി കണക്കാക്കാന്‍ കാരണം. സെമി ഫൈനലുകളുടെ സമ്മര്‍ദ്ദത്തില്‍ പെട്ടെന്നു വീണു പോകുന്ന ശീലം ആവര്‍ത്തിക്കുക കൂടെ ചെയ്തതോടെ വിരാടിനിത് മികച്ചൊരു ടൂര്ണമെന്റായിരുന്നു എന്നു വിലയിരുത്താനാകില്ല.
ജസപ്രീത് ബുമ്ര
ഇന്ത്യയുടെ ബൗളിങ്ങിന്റെ കുന്തമുനയാകുമെന്ന പ്രതീക്ഷകളെ ശരിവയ്പ്പിക്കും വിധം കൃത്യമായ ലൈനിലും ലെങ്ങ്തിലും വേഗതയുടെ പിന്‍ബലത്തില്‍ എറിഞ്ഞ ബുമ്ര അവസാന ഓവറുകളില്‍ തുടരെ തുടരെ കൃത്യതയോടെ യോര്‍ക്കര്‍ എറിഞ്ഞും താരമായി.
ഹര്‍ദിക് പാണ്ഡ്യ
ബൗളിങ്ങില്‍ ഒരുപാട് മെച്ചപ്പെട്ടു എന്നു തോന്നിച്ചെങ്കിലും ബാറ്റിങ്ങില്‍ ഐ.പി.എല്ലിലെ മികവ് ആവര്‍ത്തിക്കാനായില്ല. പല കളികളിലും അലക്ഷ്യമായി കളിച്ചു വിക്കറ്റ് കളഞ്ഞു. നീളമേറിയ ബൗണ്ടറികള്‍ അനായാസമായി സിക്‌സടിക്കുന്ന പാണ്ട്യയെ തടഞ്ഞു എന്നും കരുതേണ്ടിയിരിക്കുന്നു.
ഇംഗ്ലണ്ട്
ജോണി ബെയര്‍സ്റ്റോ- ജേസണ്‍ റോയ് സഖ്യം
ഇവരെ ഒരുമിച്ചേ വിലയിരുത്താനാകൂ. കാരണം റോയ് പരിക്കേറ്റു പുറത്തിരുന്ന കളികളില്‍ ബെയര്‍സ്റ്റോയും നിറം മങ്ങുന്നത് എല്ലാവരും കണ്ടതാണ്. അതു കൊണ്ടു തന്നെ ഇവര്‍ ഒരുമിച്ചു ഓപ്പണിങ് ഇറങ്ങിയാല്‍ മാത്രമേ ഇരുവര്‍ക്കും ഫോമിലെത്താനാകൂ എന്നത് അതിലൂടെ തെളിയിക്കപ്പെട്ടതാണ്. ലോകകപ്പിനു മുന്‍പേയുള്ള ഫോം അവര്‍ ഇവിടെയും നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിനു മികച്ച അടിത്തറ ഏകാന്‍ പലപ്പോഴും ഇവര്‍ക്കായി.
ഇംഗ്ലണ്ടിന്റെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും മറ്റാരുമല്ല. ഭയരഹിതരായി തുടക്കം തൊട്ടേ ആക്രമിച്ചു കളിക്കുന്ന ശൈലി പലപ്പോഴും സ്വപ്നതുല്യമായ തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചിട്ടുള്ളത്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞ സെമി ഫൈനലില്‍ പിച്ചിനെ പഴിക്കേണ്ടതില്ലെന്നോര്‍മപ്പെടുത്തി അടിച്ചു തകര്‍ത്ത ഈ സഖ്യം ലോകത്തെ തന്നെ മികച്ച ഓപ്പണിങ് സഖ്യമാണ്.
ജോ റൂട്ട്
റോയിയുടെ അഭാവത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമാകുമ്പോഴെല്ലാം തികച്ചും പക്വതയോടെ ബാറ്റ് വീശി ഇംഗ്ലണ്ടിനെ സംരക്ഷിച്ച വേരുകള്‍ റൂട്ടില്‍ നിന്നാണ് പുറപ്പെട്ടത്. സമീപകാല ക്രിക്കറ്റിലെ ക്ലാസ്സ് ബാറ്റ്സ്മാന്മാരിലൊരാളായ അദ്ദേഹം തന്റെ കഴിവിലേക്കുയര്‍ന്നത് ആതിഥേയര്‍ക്ക് മുതല്‍ക്കൂട്ടായി.
ജോഫ്രെ ആര്‍ച്ചര്‍
ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നയാളാണ് ആര്‍ച്ചര്‍. ആ തീരുമാനത്തിന് നേരെ പലരും നെറ്റി ചുളിച്ചെങ്കിലും മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത ആര്‍ച്ചര്‍ ‘ഇംഗ്ലണ്ടിന്റെ ബുമ്ര’ ആയി മാറി. അതിവേഗതയിലും അതുപോലെ തന്നെ വേഗം കുറച്ചെറിയാനും പ്രാപ്തിയുള്ള ആര്‍ച്ചര്‍ എതിര്‍ ടീമിലെ ബാറ്റ്സ്മാന്മാര്‍ക്ക് എന്നുമൊരു തലവേദനയാണ്.
ക്രിസ് വോക്സ്
അതിവേഗത ഇല്ലെങ്കിലും ഓസീസിന്റെ മഗ്രാത്തിനെ ഓര്‍മിപ്പിക്കും വിധം കൃത്യമായ ലൈനും ലെങ്തും സമ്മേളിപ്പിച്ചു പവര്‍പ്ലേ ഓവറുകള്‍ എറിയുന്ന വോക്സ് ഇംഗ്ലണ്ടിനു ഈ ലോകകപ്പിലുടനീളം ഒരു സമ്പത്തായി നിലകൊണ്ടു.
ബെന്‍ സ്റ്റോക്‌സ്
ബൗളിങ്ങില്‍ അത്ര കണ്ടു തിളങ്ങായില്ലെങ്കിലും ബാറ്റിങ്ങില്‍ ടീം തകര്‍ച്ചയെ നേരിട്ടപ്പോഴൊക്കെ ഒരു രക്ഷകന്റെ വേഷം ഭംഗിയായി ആടി തീര്‍ത്തു സ്റ്റോക്‌സ്. തന്റെ അത്ലറ്റിക് മികവു കൊണ്ട് ഫീല്‍ഡിങ്ങിലും വിസ്മയങ്ങള്‍ തീര്‍ത്ത സ്റ്റോക്‌സ് ഒരു യഥാര്‍ത്ഥ ഓള്‍ റൗണ്ടര്‍ എന്താണെന്നു ലോകത്തിനു കാണിച്ചു കൊടുത്തു.
ജോസ് ബട്ട്‌ലര്‍
ഐ.പി.എല്ലിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മിന്നും താരമാകുമെന്നു ചിന്തിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ട് ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ബട്ട്‌ലര്‍ സെമിവരെ പുറത്തെടുത്തത്. ചില കളികളില്‍ രണ്ടോ മൂന്നോ വമ്പനടികളിലൂടെ പ്രേക്ഷക മനം കവര്‍ന്നെങ്കിലും അതൊന്നും ഒരു മികച്ച പ്രകടനത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ നിര്‍ണായകമായ ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.
ഓസ്‌ട്രേലിയ
ഡേവിഡ് വാര്‍ണര്‍ -ആരോണ്‍ ഫിഞ്ച്
റോയ് -ബയര്‍സ്റ്റോ പോലെ തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ചും വിലക്കില്‍ നിന്നു മടങ്ങിയെത്തിയ വാര്‍ണറും ഓസീസിന് പലപ്പോഴും നല്‍കി കൊണ്ടിരുന്നത് മിന്നും തുടക്കങ്ങളാണ്. ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലില്‍ ഇവര്‍ നിറം മങ്ങിയതോടെയാണ് കങ്കാരുക്കള്‍ക്ക് മുട്ടു മടക്കേണ്ടി വന്നത്.
അലക്‌സ് ക്യാരി
ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ കണ്ടുപിടുത്തം. ഗില്‍ക്രിസ്റ്റിനു ശേഷം ഒരു നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തേടിയുള്ള അന്വേഷണം ക്യാരിയില്‍ അവസാനിപ്പിക്കാമെന്നു തോന്നിപ്പിച്ചാണ് അദ്ദേഹം ഓരോ മത്സരവും കളിച്ചത്. കൈവിട്ടു എന്നു തോന്നിച്ചിടത്തു നിന്നു ഉറച്ചു നിന്നു പൊരുതാന്‍ തക്ക പ്രാപ്തിയുള്ള ക്യാരി സെമിയില്‍ താടിക്ക് പരിക്കു പറ്റിയിട്ടും പിന്മാറാന്‍ തയ്യാറാവാതെ കളിച്ചത് അദ്ദേഹത്തിനു ടീമിനോടും കളിയോടുമുള്ള അഭിനിവേശത്തെ സൂചിപ്പിക്കുന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക്
ഐ.പി.എല്ലില്‍ കളിക്കാന്‍ വിടാതെ സ്റ്റാര്‍ക്കിനെ ഓസ്‌ട്രേലിയ സംരക്ഷിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുകയായിരുന്നു സ്റ്റാര്‍ക്ക് തന്റെ പ്രകടനത്തിലൂടെ. ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റെടുക്കുന്ന ബൗളര്‍ എന്ന പട്ടം കൂടെ സ്വന്തമാക്കിയ സ്റ്റാര്‍ക്ക് ഓസീസ് ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു ലോകകപ്പില്‍. അദ്ദേഹം നിറം മങ്ങിയ കളികളാണ് ഓസീസ് തോറ്റത്. ഇംഗ്ലണ്ടിന്റെ സ്റ്റോക്‌സിനെ അദ്ദേഹം പുറത്താക്കിയ യോര്‍ക്കര്‍ ഈ ലോകകപ്പിലെ തന്നെ മികച്ച പന്തായി കണക്കാക്കപ്പെടുന്നു.
ആദം സാമ്പ -നഥാന്‍ ലിയോണ്‍
ഓസീസിന്റെ ദുര്‍ബലകണ്ണികളെന്നു നിസംശയം വിശേഷിപ്പിക്കാവുന്നവര്‍. കാര്യമായ ചലനമുണ്ടാക്കാതെ പോയ ഇരുവര്‍ക്കും മധ്യ ഓവറുകളിലെ റണ്‍ ഒഴുക്ക് നിയന്ത്രിച്ചു ഓസീസ് പേസ് ബൗളിങ്ങിന് വ്യക്തമായ പിന്തുണ നല്‍കാന്‍ ഒരു ഘട്ടത്തിലും സാധിച്ചില്ല.
ന്യൂസിലാന്‍ഡ്
കെയ്ന്‍ വില്യംസണ്‍
നായകന്റെ പ്രകടനം പുറത്തെടുത്ത കെയ്ന്‍ പലപ്പോഴും തകര്‍ന്നടിഞ്ഞ മുന്‍നിരക്കിടയിലും പിടിച്ചു നിന്ന ഒറ്റയാള്‍ പട്ടാളമായി. സമ്മര്‍ദമേതും പ്രകടമാക്കാതെ ടീമിനെ നയിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം വരും തലമുറയിലെ ക്യാപ്റ്റന്‍ കൂള്‍ താനാണെന്ന് വ്യക്തമായി സ്ഥാപിച്ചെടുക്കുന്നു.
ബോള്‍ട്ട്-ഹെന്റി- ഫെര്‍ഗൂസന്‍ പേസ് ത്രയം
പരസ്പര ധാരണയോടെ പന്തെറിഞ്ഞു നേട്ടങ്ങള്‍ കൊയ്തവര്‍. പവര്‍പ്ലേ ഓവറുകളില്‍ വേഗത കൊണ്ടു എതിരാളികളുടെ ‘നട്ടും ബോള്‍ട്ടും’ ഊരുന്ന ബോള്‍ട്ടും കൃത്യതയുടെ പര്യായമായ ഹെന്റിയും മധ്യ ഓവറുകളില്‍ വിസ്മയം തീര്‍ക്കുന്ന ഫെര്‍ഗൂസനും അവരുടെ വിജയശില്പികള്‍ തന്നെയായി നിലകൊള്ളുന്നു. ഇന്ത്യയെ പോലെ ശക്തമായ ബാറ്റിംഗ് നിരയുള്ള ഒരു ടീമിനോട് പോലും ചെറിയ സ്‌കോര്‍ പ്രതിരോധിച്ച അവരുടെ രീതി തന്നെ തികച്ചും അഭിനന്ദനാര്‍ഹമാണ്.
മാര്‍ട്ടിന്‍ ഗപ്ടില്‍
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ കളിക്കാരന്‍. കേവലം 167 റണ്‍സാണ് 9 കളികളില്‍ നിന്നായി അദ്ദേഹം നേടിയത്. ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായ ഗപ്ടിലില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു ന്യൂസിലാന്‍ഡ്. എന്നാലും സെമിയില്‍ നിര്‍ണായകമായി മാറിയ ധോണിയുടെ റണ്‍ ഔട്ട് സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ വിരുതാണെന്നും വിസ്മരിച്ചു കൂടാ.
പാകിസ്താന്‍
ബാബര്‍ അസം
പാകിസ്താന് ഈ ലോകകപ്പില്‍ അധികം മുന്നേറാനായില്ലെങ്കിലും പാകിസ്താന്റെ വിരാട് കോഹ്ലിക്ക് ഇത് ഓര്‍ത്തിരിക്കാവുന്ന ലോകകപ്പാണ്. പല കളികളിലും തന്റെ ക്ലാസ്സ് വെളിപ്പെടുത്തിയ ഇന്നിങ്സുകളിലൂടെ ടീമിനെ മുന്നോട്ടു നയിച്ച ബാബര്‍ ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്ലിക്കും രോഹിത്തിനും മാത്രം കീഴിലാണിപ്പോള്‍.
ഷഹീന്‍ അഫ്രീദി
മുഹമ്മദ് ആമിറും വഹാബ് റിയാസും ആയിരിക്കും പാക്കിസ്ഥാന്റെ പേസ് ആക്രമണം നയിക്കുക എന്നു ചിന്തിച്ചവരുടെ ഇടയിലേക്ക് ഒരു അപരിചിതനെ പോലെ കയറി വന്നു മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ യുവരക്തമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനുള്ള വൈദഗ്ധ്യം പാക്കിസ്ഥാന് പലപ്പോഴും വിജയങ്ങള്‍ സമ്മാനിച്ചു.
ഫഖര്‍ സമാന്‍
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ വീരോചിത പ്രകടനത്തിന്റെ അടുത്തെങ്ങും എത്താനാകാതെ പോയ ഫഖറിന് ഇതു നിരാശയുടെ ടൂര്‍ണമെന്റായിരുന്നു. ഇന്ത്യക്കെതിരെ നേടിയ അര്‍ധശതകമൊഴിച്ചു കാര്യമായൊന്നും ചെയ്യാനാകാതെ വന്ന അദ്ദേഹത്തിന്റെ തുടര്‍തോല്‍വികളിലും നായകന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല.
ബംഗ്ലാദേശ്
ഷാക്കിബ്
ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്ന് മടി കൂടാതെ പറയാവുന്ന താരം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവു കാണിച്ച അദ്ദേഹത്തിന്റെ ചിറകിലാണ് ബംഗ്ലാദേശ് ഈ ലോകകപ്പില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചെടുത്തത്. സ്ഥിരത മുഖമുദ്രയാക്കി വണ്‍ ഡൗണ്‍ സ്ഥാനത്ത് ഇറങ്ങി ബംഗ്ലാ ഇന്നിങ്സുകള്‍ക്ക് നെടുംതൂണായി നിന്ന ഷാക്കിബ് ഒരു സമയത്തു ബംഗ്ലാദേശിന് സെമി പ്രതീക്ഷ വരെ നല്‍കി.
മുസ്താഫിസുര്‍ റഹ്മാന്‍
അവരുടെ ദുര്‍ബല മേഖലയായ ബൗളിങ്ങിലെ ഏക ആശ്രയം. റണ്‍സ് വിട്ടു കൊടുക്കുന്നതിനിടയിലും വിക്കറ്റ് എടുക്കാന്‍ മിടുക്കനെന്നു പല കുറി തെളിയിച്ചു.
മുഷ്ഫിഖുര്‍ റഹീം
റഹീമിന്റെ ഈ ലോകകപ്പിലെ ഫോമിലില്ലായ്മ ആണ് ബംഗ്ലാദേശിനെ പിറകോട്ടടിച്ചത്. ഷാക്കിബ് നല്‍കുന്ന തുടക്കങ്ങള്‍ മുതലാക്കാന്‍ റഹീമിന് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇതിലുമധികം മുന്നോട്ടു പോയേനെ.
വെസ്റ്റ് ഇന്‍ഡീസ്
നിക്കോളാസ് പൂരന്‍
ക്രിസ് ഗെയ്ലിനെ പോലെയുള്ള അതികായന്മാര്‍ ഉള്ള ബാറ്റിംഗ് ടീമിനു പക്ഷേ നെടുംതൂണായത് ഈ ചെറുപ്പക്കാരനാണ്. ടീം തകര്‍ച്ചയിലേക്ക് വീണപ്പോഴൊക്കെ ഒറ്റക്ക് ചുമലിലേറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ച താരം.
കാര്‍ലോസ് ബ്രാത്വയ്റ്റ്
കളി തോറ്റു എന്നു തോന്നിച്ചിടത്തു നിന്നു അവിശ്വസനീയമായി ടീമിനെ വിജയത്തിനരികിലെങ്കിലും എത്തിക്കാന്‍ സാധിച്ച താരം. അവസാന ഓവറുകളിലെ വമ്പനടികളിലൂടെ സ്‌കോറിങ് ഉയര്‍ത്താനും കഴിഞ്ഞ അദ്ദേഹത്തിനു പക്ഷേ ബൗളര്‍ എന്ന നിലയില്‍ ശോഭിക്കാനായില്ല.
ഷായി ഹോപ്പ്
ലോകകപ്പിനെത്തുമ്പോള്‍ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയും ലോകകപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ അവരുടെ ഏറ്റവും വലിയ നിരാശയും ഹോപ്പ് ആണ്. മറ്റുള്ള വിന്‍ഡീസ് ബാറ്റ്സ്മാന്മാരില്‍ നിന്നും വ്യത്യസ്തമായി നിലയുറപ്പിച്ചു ക്ലാസ്സിക് രീതിയിലൂടെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്ന ശൈലിക്കുടമയായ ഹോപ്പിനു പക്ഷേ ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ സ്ഥിരത പുലര്‍ത്താനായില്ല.
ആന്ദ്രെ റസ്സല്‍
ഐ.പി.എല്ലിലെ അമാനുഷികത വിന്‍ഡീസിന് വേണ്ടിയും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി കളിച്ച കളികളെല്ലാം അനാവശ്യ ഷോട്ടിന് മുതിര്‍ന്നു പുറത്തായപ്പോള്‍ ലോകകപ്പിന്റെ പാതിക്കു വച്ചു പരിക്കു മൂലം പിന്‍വാങ്ങേണ്ടതായും വന്നു.
ദക്ഷിണാഫ്രിക്ക
ഫാഫ് ഡുപ്ലെസിസ്
പലപ്പോഴായി മുന്നില്‍ നിന്നു നയിക്കാന്‍ നടത്തിയ ചില വിഫല ശ്രമങ്ങള്‍ നടത്തിയ താരത്തിന് പക്ഷേ ടീമിനെ പടുകുഴിയില്‍ നിന്നും കരകയറ്റാനായില്ല
കഗീസോ റബാഡ
ടീമിന്റെ വജ്രായുധമാകുമെന്നു വിലയിരുത്തപ്പെട്ട റബാഡ പക്ഷേ തീര്‍ത്തും നിറം മങ്ങി പോകുന്നതാണ് ലോകകപ്പില്‍ കണ്ടത്. 140 നു മുകളില്‍ വേഗതയില്‍ നിരന്തരമായി പന്തെറിയാറുള്ള റബാഡക്ക് ആ വേഗത കാത്തു സൂക്ഷിക്കാനായില്ല. ഐ.പി.എല്‍ കളിച്ചു ക്ഷീണിച്ചതും ചില പരിക്കുകള്‍ നേരിട്ടതും മോശം ഫോമിന് കാരണമായി.
ഇമ്രാന്‍ താഹിര്‍
നാല്‍പ്പതാം വയസിലും സ്പിന്‍ മായാജാലം തീര്‍ക്കുന്ന താഹിറിന് പക്ഷേ തന്റെ അവസാന ലോകകപ്പില്‍ ടീമിനു വേണ്ടി കാര്യമായൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. വളരെ എളുപ്പത്തില്‍ തന്നെ താഹിറിനെ എതിരാളികള്‍ നേരിട്ടു.
ശ്രീലങ്ക
ആവിഷ്‌ക ഫെര്‍ണാണ്ടോ
ലോകകപ്പിലെ തകര്‍ച്ചയിലും ലങ്കയുടെ ഭാവിയിലേക്കുള്ള മുതല്‍കൂട്ടിന്റെ ഉദയം ലോകകപ്പില്‍ കണ്ടു. സംഗയും മഹേലയും ഒഴിഞ്ഞിട്ടിട്ടു പോയ മധ്യനിരയെ വീണ്ടും സമ്പന്നമാക്കാന്‍ തക്ക ശേഷി തനിക്കുണ്ടെന്ന് ഈ ലോകകപ്പില്‍ അദ്ദേഹം തെളിയിച്ചു.
ലസിത് മലിംഗ
പഴയ പ്രതാപമില്ലെങ്കില്‍ കൂടെ ലങ്കന്‍ വിജയങ്ങള്‍ക്ക് പലപ്പോഴും ചുക്കാന്‍ പിടിക്കാന്‍ ഈ പ്രായത്തിലും മലിംഗക്കായി.മലിംഗ പരാജയപ്പെട്ടപ്പോഴൊക്കെ ലങ്ക തോല്‍വികള്‍ ഏറ്റുവാങ്ങി.
ദിമുത് കരുണരത്‌നെ
പടത്തലവനായി മുന്നില്‍ നിന്നു നയിക്കേണ്ടിയിരുന്ന നായകന്‍ അവസരത്തിനൊത്തുയരാതെ വന്നതാണ് ലങ്കയുടെ ദുര്‍വിധികള്‍ക്ക് കാരണമായി ഭവിച്ചത്.
അഫ്ഗാനിസ്ഥാന്‍
ഇക്രം അലി ഖില്‍
അവരുടെ വിക്കറ്റ് കീപ്പര്‍ ഷെഹ്സാദിന് പരിക്ക് പറ്റിയത് ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ടീമിലെത്തിയ ഈ പതിനെട്ടുകാരന്‍ അവസാന കളിയിലെ മികച്ച പ്രകടനമുള്‍പ്പെടെ ടീമിന്റെ ഭാവി വാഗ്ദാനമാകാനുള്ള എല്ലാ സൂചനയും ഈ ലോകകപ്പിലൂടെ നല്‍കി. പ്രായത്തിലുമേറെ പക്വത പ്രകടമാക്കിയ ഇക്രമില്‍ അഫ്ഗാന്റെ ഭാവി ഒളിഞ്ഞിരിക്കുന്നു.
റഷീദ് ഖാന്‍
ഈ ചെറുപ്രായത്തിലും ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി മാറിയ അദ്ദേഹം പക്ഷേ മറക്കാനാഗ്രഹിക്കുന്ന ഒരു ടൂര്‍ണമെന്റായിരിക്കും ഇത്. ഒരു ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനത്തിനര്‍ഹനായി എന്ന നാണക്കേടും പേറിയാണ് പേറിയാണ് അദ്ദേഹം ലോകകപ്പ് അവസാനിപ്പിച്ചത്. അഫ്ഗാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞതും റഷീദിന്റെ മോശം പ്രകടനം മൂലമാണ്.