പാകിസ്ഥാനെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ നീക്കം; ലോകകപ്പിന് മുമ്പ് ഇത് പാക് പടയ്ക്ക് തലവേദനയാവുമെന്നുറപ്പ്
Sports News
പാകിസ്ഥാനെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ നീക്കം; ലോകകപ്പിന് മുമ്പ് ഇത് പാക് പടയ്ക്ക് തലവേദനയാവുമെന്നുറപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st August 2022, 3:55 pm

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിന് മുമ്പ് തന്നെ പാക് പടയെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ നീക്കം. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ മോയിന്‍ അലിയെ ക്യാപ്റ്റനാക്കിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ പടക്കിറങ്ങുന്നത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന് പരിക്കേറ്റ സാഹചര്യത്തിലാണ് വൈറ്റ് ബോള്‍ ടീമിന്റെ ഉപനായകന്‍ മോയിന്‍ അലിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

ഹണ്‍ഡ്രഡ്‌സിനിടെയാണ് ബട്‌ലറിന് പരിക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ കാഫ് മസിലിന് പരിക്കേറ്റാണ് മാഞ്ചസ്റ്റര്‍ ഓറിജിനല്‍സിന്റെ ക്യാപ്റ്റന്‍ പരമ്പരയില്‍ നിന്നും പുറത്തായത്.

ടി-20 ലോകകപ്പിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കാനാവും താരം ശ്രമിക്കുന്നത്.

പാകിസ്ഥാന്‍ വംശജനായ മോയിന്‍ അലി ഇതുവരെ നാല് ടി-20യില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാനായത്.

എന്നാല്‍ ഒരു ലീഡര്‍ എന്ന നിലയില്‍ മെച്ചപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. വൈസ് ക്യാപ്റ്റന്റെ റോളില്‍ പ്രതിഭ തെളിയിച്ചാണ് മോയിന്‍ ഇപ്പോള്‍ കയ്യടി നേടുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പെര്‍ഫോര്‍മെന്‍സ് കാഴ്ചവെക്കുന്ന താരത്തിന്റെ 4D പ്രകടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മൂന്ന് ടെസ്റ്റും ഏഴ് ടി-20യുമാണ് ഇംഗ്ലണ്ടിന്റെ പാക് പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ ടൂര്‍.

നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ പര്യടനത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. പരമ്പരയ്ക്കിടെ ടി-20 ലോകകപ്പും വരുന്നതിനാലാണ് പര്യടനം ഇത്രയും ദൈര്‍ഘ്യമേറുന്നത്.

ഏഴ് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ തന്നെയാദ്യമായിരിക്കും ഒരു പര്യടനത്തില്‍ ഇത്രയധികം ടി-20 മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ടി-20 ലോകകപ്പിന് മുമ്പ് ഇത്രയധികം ടി-20 മത്സരങ്ങള്‍ കളിക്കുന്നത് ഇരു ടീമിനും ഗുണം ചെയ്യും.

സെപ്റ്റംബര്‍ 20നാണ് പരമ്പരയിലെ ആദ്യ ടി-20. സെപ്റ്റംബര്‍ 22, സെപ്റ്റംബര്‍ 23, സെപ്റ്റംബര്‍ 25, സെപ്റ്റംബര്‍ 28, സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 2 എന്നീ ദിവസങ്ങളിലാണ് ടി-20 പരമ്പര. കറാച്ചിയും ലാഹോറുമാണ് വേദി.

 

ഡിസംബര്‍ ഒന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ഒമ്പതിനും അവസാന ടെസ്റ്റ് 17നും നടക്കും. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, കറാച്ചി എന്നിവിടങ്ങളില്‍ വെച്ചാണ് ടെസ്റ്റ് പരമ്പര നടക്കുക.

ഇരുടീമിന്റെയും സ്‌ക്വാഡിനെ വൈകാതെ അറിയിക്കുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

Content Highlight: Star all rounder Moeen Ali appointed as England’s captain for Pakistan Tour