| Wednesday, 22nd February 2023, 3:59 pm

തമിഴ്‌നാട്ടിലും താരമായ ശങ്കറിനെ കണ്ട് ആളുകള്‍ ഓടിക്കൂടുന്നത് മോഹന്‍ലാല്‍ നോക്കിനിന്നു, അന്ന് ഇതിലും വലിയ ആളാകുമെന്ന് അറിയില്ലായിരുന്നു: സംവിധായകന്‍ സ്റ്റാന്‍ലി ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശങ്കര്‍, പൂര്‍ണിമ, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. നവോദയ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സംവിധായകന്‍ സ്റ്റാന്‍ലി ജോസ്.

അന്ന് തമിഴ്‌നാട്ടില്‍ വരെ പ്രശസ്തനായിരുന്ന ശങ്കറിനെ കാണുമ്പോള്‍ ആളുകള്‍ ഓടിക്കൂടുന്നത് മോഹന്‍ലാല്‍ നോക്കി നില്‍ക്കുമായിരുന്നു എന്ന് സ്റ്റാന്‍ലി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കൊരു സിനിമ സംവിധാനം ചെയ്യാന്‍ തരുമെന്ന് നവോദയ പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അറിയാതെ അവര്‍ ഫാസിലിനെ സംവിധായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തു. സിനിമയിലേക്ക് ജോയിന്‍ ചെയ്യാന്‍ എനിക്ക് മൂന്നാല് പ്രാവിശ്യം ടെലഗ്രാം വന്നു. അസോസിയേറ്റായി വര്‍ക്ക് ചെയ്യാനാണ് എന്നെ വിളിക്കുന്നത്. എന്നെക്കാള്‍ ജൂനിയറായ ഒരാളുടെ പടത്തിലേക്ക് വിളിക്കുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് ഞാന്‍ തിരിച്ച് കത്തയച്ചു. അതിന് മറുപടി ഒന്നും വന്നില്ല.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ നവോദയയില്‍ നിന്നും എന്നെ തിരക്കി വണ്ടി വന്നു. ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ പോയതിന് ശേഷം അവര്‍ പിന്നേയും വന്നു. സാറിനേയും കൊണ്ടേ ചെല്ലാവുള്ളൂ എന്നാണ് പറഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു.

ഞാന്‍ കൊടൈകനാലില്‍ ചെന്ന ദിവസം ഉച്ചയായപ്പോഴാണ് മോഹന്‍ലാല്‍ അവിടെ വരുന്നത്. അന്നാണ് ഞാന്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹത്തെ ഇന്റര്‍വ്യു ചെയ്തപ്പോഴൊന്നും ഞാനില്ലായിരുന്നു. അന്ന് ലാല്‍ ഒരു കീര്‍ത്തനമൊക്കെ പാടി. അന്ന് നമുക്ക് ഇഷ്ടപ്പെടുന്ന ഒരു മുഖമൊന്നുമല്ല. ആളൊരു തമാശക്കാരനാണ്.

ഇതൊക്കെ കഴിഞ്ഞാണ് ശങ്കര്‍ വരുന്നത്. ശങ്കര്‍ ഈ സിനിമയില്‍ ജീപ്പ് ഓടിക്കണം. ഒരാഴ്ച കൊണ്ടാണ് ശങ്കര്‍ ജീപ്പോടിക്കാന്‍ പഠിച്ചത്. ശങ്കര്‍ അന്ന് ‘ഒരു തലൈ രാഗം’ കഴിഞ്ഞ് തമിഴ്‌നാട്ടിലും പ്രശസ്തനാണ്. അവിടെ വന്ന ടൂറിസ്റ്റുകളെല്ലാം ശങ്കറിന്റെ ചുറ്റും ഓട്ടോഗ്രാഫിനായി ഓടിക്കൂടി. മോഹന്‍ലാല്‍ അത് കണ്ടുകൊണ്ട് നില്‍ക്കുവാണ്. അന്ന് ഇതിനെക്കാള്‍ വലിയൊരാളുകുമെന്ന് അറിയില്ലല്ലോ,’ സ്റ്റാന്‍ലി പറഞ്ഞു.

Content Highlight: stanly jose about mohanlal and shankar

We use cookies to give you the best possible experience. Learn more