കലിഫോർണിയ: ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീന് ഐക്യദാർഢ്യവുമായി സ്റ്റാൻഫഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ ടെന്റ് കെട്ടി നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിയേഴാം ദിവസത്തിലേക്ക്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചേർന്നാണ് പ്രധാന ക്യാമ്പസുകളിലൊന്നിൽ ടെന്റുകൾ കെട്ടി താമസിക്കുന്നത്.
സ്റ്റാൻഫഡ് സർവകലാശാല ഇസ്രഈലി സംരംഭങ്ങളിൽ നിന്ന് പിന്മാറുകയും അക്കാദമിക സ്ഥാപനങ്ങൾ ബഹിഷ്കരിക്കുകയും ചെയ്യുന്നത് വരെ തങ്ങളുടെ സമരം തുടരുമെന്നും ഇസ്രഈലി ആക്രമണത്തെ അപലപിക്കുന്നുവെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
‘മുമ്പ് സ്റ്റാൻഫഡ് സർവകലാശാലയിൽ ധാരാളം റാലികൾ നടന്നിട്ടുണ്ട്. എന്നാൽ റാലി അവസാനിക്കുന്നതോടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർവകലാശാല അവഗണിക്കുകയാണ് പതിവ്.
സർവകലാശാല ഇതുവരെ കാണാത്ത സമ്മർദം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം,’ സമരം ചെയ്യുന്ന വിദ്യാർത്ഥികളിൽ ഒരാളെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ക്ലാസുകൾക്കിടയിൽ സമരപന്തലിൽ എത്തുന്ന വിദ്യാർത്ഥികൾ ഫലസ്തീനുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏർപ്പെടുകയും സുഹൃത്തുക്കളും മറ്റും നൽകുന്ന ആഹാരം കഴിക്കുകയും ചെയ്യുന്നു. 50-60 വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്.
സമരപന്തൽ സന്ദർശിക്കുന്ന വിദ്യാർത്ഥികൾക്ക് ലഘുലേഖകളും പുസ്തകങ്ങളും നൽകുന്നു. ഇത് ഒരു സമരം മാത്രമല്ലെന്നും കൊളോണിയൽ കൊളോണിയലിസത്തിനെ കുറിച്ചും വംശീയതയെ കുറിച്ചും മനസിലാക്കാനുള്ള വെടിയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
20ഓളം കുട്ടികൾ രാത്രിയും സമരപന്തലിൽ തന്നെ കഴിയുന്നു.
ബ്ലാക്ക് ലിവ്സ് മാറ്റർ മുന്നേറ്റത്തിൽ സർവകലാശാല കൈക്കൊണ്ട സ്വാഗതാർഹമായ നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗസ വിഷയത്തിൽ നിലപാടെന്ന് സർവകലാശാലയിലെ പൂർവവിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു.
Content Highlight: Stanford students refuse to end Gaza sit-in until demands met