| Thursday, 18th December 2014, 12:48 am

നില്‍പ്പിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടു മടക്കി, നില്‍പ്പ് സമരം വന്‍വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അവസാനം ആദിവാസികളുടെ സഹനസമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ആദിവാസികളുടെ എല്ലാ ആവശ്യങ്ങളും  അംഗീകരിക്കാന്‍ സര്‍ക്കാര്‍ ധാരണയായി.

വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികള്‍ നടത്തി വന്ന സമരത്തിന്റെ 159-ാം ദിവസമായിരുന്നു ഇന്ന്. കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുക ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുകയും ചെയ്യുക. കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക. 2001ലെ കരാര്‍ നടപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ആദിവാസികള്‍ ആദിവാസി ഗോത്ര സഭയുടെ നേതൃത്വത്തില്‍ സമരം നടത്തിവന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ കൈയ്യൊഴിഞ്ഞ സമരത്തിന് സോഷ്യല്‍ നവമാധ്യമങ്ങള്‍ നല്‍കിയ പിന്തുണയെ തുടര്‍ന്ന് സാംസ്‌കാരിക മേഖലയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സിനിമാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസം നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ നേതാവും പ്രമുഖ സാമൂഹ്യ-മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാപാട്ക്കര്‍ നില്‍പ്പ് സമരവേദി സന്ദര്‍ശിക്കുകയും സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പുണ്ടായിട്ടില്ല. എങ്കിലും നില്‍പ്പുസമരം ഒത്തുതീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നടപടികളെ ത്വരിതഗതിയിലാക്കാന്‍ മേധാപട്കറിന്റെ ശ്രമത്തിനു കഴിഞ്ഞു.

ഇന്ന് നടന്ന് ക്യാബിനറ്റ് യോഗത്തിലാണ് ആദിവാസികളുടെ നില്‍പ്പ് സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

എന്നാല്‍ ആറളം ഫാം വിഷയത്തില്‍ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചില്ല. ആറളം ഫാമില്‍ ഇപ്പോഴുള്ള പോലെ പൈനാപ്പിള്‍ കൃഷി തുടരും. എന്നാല്‍ നിലവിലുള്ള പാട്ടക്കാലാവധി കഴിഞ്ഞാല്‍ പാട്ടം പുതുക്കി നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതോടെ ആദിവാസികള്‍ നടത്തിവന്നിരുന്ന ത്യാഗോജ്ജ്വല സമരത്തിനാണ് ശുഭപര്യവസാനം ഉണ്ടാകാന്‍ പോകുന്നത്. സമൂഹമനസാക്ഷിയെ തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതായിരുന്നു ആദിവാസികള്‍ ഇക്കഴിഞ്ഞ 159 ദിവസങ്ങളോളം നിന്നു എന്നത്. ഇതിനോടകം പൊതുജനങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ സമരത്തിന് കഴിഞ്ഞിരുന്നു. അതിന്റെ കൂടി വിജയമാണ് നില്‍പ്പുസമരത്തിന്റേതെന്ന് ഗോത്രമഹാസഭ നേതാവ് പി. ഗീതാനന്ദന്‍ വ്യക്തമാക്കി.

അതേസമയം ക്യാബിനറ്റ് രേഖ കയ്യില്‍ കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്ന് സി.കെ ജാനു വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more