സഭാതര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ
Kerala
സഭാതര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 2:35 pm

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ.

സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായി കരുതുകയാണ്. എന്നാല്‍ തങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത പ്രതികരിച്ചു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു

സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാരാണ് ഇടപെട്ട് തര്‍ക്കം പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ സഹായിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ തര്‍ക്കത്തിലെ ബിജെപിയുടെ ഇടപെടലില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ഈ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വലിയ ആര്‍ജ്ജവമാണ് കാണിച്ചത്. ഞങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും’മെത്രാപ്പോലിത്ത പറഞ്ഞു.

Content Highlight: Stand with the bjp if the cente resolves the sabha dispute says jacobite sabha

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ