ബീജിംഗ്: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി ചൈന. ചൈനയുള്‍പ്പെടെയുള്ള ബ്രിക്‌സ് അംഗങ്ങള്‍ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്.
‘ഈ മഹാമാരിക്കാലത്ത് ഒരിക്കല്‍ കൂടി ഞാന്‍ ഇന്ത്യയോടുള്ള എന്റെ സഹാനുഭൂതി പ്രകടമാക്കുകയാണ്. ഈ സമയത്ത് ചൈനയും ബ്രിക്‌സ് രാജ്യങ്ങളും ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ വാങ് യി പറഞ്ഞു.
ബ്രിക്‌സ് രാജ്യങ്ങളുടെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു ചൈന പിന്തുണ പ്രഖ്യാപിച്ചത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിക്‌സ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവില്‍ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.