ന്യൂദല്‍ഹി: പുല്‍വാമ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇനി വരുന്ന ഒന്നുരണ്ടു ദിവസങ്ങളില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
” ഇത് പ്രതിസന്ധി ഘട്ടമാണ്. ഞാന്‍ സര്‍ക്കാറിനേയും ജവാന്മാരേയും പിന്തുണയ്ക്കും.” രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമിതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ പുല്‍വാല സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചും ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകള്‍ ചോദ്യം ചെയ്തും ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Also read:തെക്കന്‍ കേരളത്തില്‍ നടന്ന നാല് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും ബി.ജെ.പിക്ക് രണ്ടാം സ്ഥാനം
രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സമാനമായ നിലപാടാണ് സ്വീകരിച്ചത്. “ഇത് ദു:ഖിക്കേണ്ട സമയമാണ്. നമ്മുടെ രാജ്യത്തിന് 40 ജവാന്മാരെ നഷ്ടപ്പെട്ടിരിക്കുകയാണ്. അവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിക്കേണ്ട സമയമാണിത്. ഒപ്പം തീവ്രവാദത്തെ അപലപിക്കാന്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ” മന്‍മോഹന്‍ സിങ് പറഞ്ഞു.
തെക്കല്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്. ശ്രീനഗറില്‍ നിന്ന് 38 കിലോ മീറ്റര്‍ അകലെ വൈകീട്ട് 3.15ന്. 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സുരക്ഷാ വിന്യാസത്തിനായി പോകുകയായിരുന്നു സി.ആര്‍.പി.എഫ് സൈനികര്‍.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.