മലയാള സിനിമയെ സംബന്ധിച്ച് പുനര്‍വിചിന്തനത്തിന്റെ വര്‍ഷമാണ് 2019. കേരളത്തിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥകള്‍ പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയ വര്‍ഷം. ആ പരീക്ഷണങ്ങളിലെ വഴിത്തിരിവാണ് സ്റ്റാന്‍ഡ് അപ്പ്.
മനുഷ്യന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കഥയാണ് വിധു വിന്‍സന്റ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളോടും അത് കലഹിക്കുന്നുമുണ്ട്. 2019 ലെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് സ്റ്റാന്‍ഡ് അപ്പ്. പക്ഷേ ഇതൊരു തുടക്കവുമായിരിക്കണം.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കുടുംബത്തിനുള്ളിലെ പ്രതികരണങ്ങളാണ് സ്റ്റാന്‍ഡ് അപ്പിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. അതിക്രമങ്ങള്‍ വ്യക്തികളുടെ പ്രശ്നമായി പരിഗണിക്കുന്നതാണ് നമ്മുടെ ശീലം. സ്റ്റാന്‍ഡ് അപ്പ് അതിനെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അവരിലേക്ക് മാത്രം ഒതുക്കാതെ ശ്രദ്ധിക്കുന്നുണ്ട് സംവിധായിക.
ലൈംഗികാതിക്രമങ്ങള്‍ അക്രമകാരിയുടെ മാനസികപ്രശ്നമായി ചിത്രീകരിക്കുകയല്ല ഇവിടെ. ഗോവിന്ദും (ഉയരെ) ഷമ്മിയും (കുമ്പളങ്ങി നൈറ്റ്സ്) വാവച്ചനും (കെട്ടിയോളാണെന്റെ മാലാഖ) മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരായാണ് ചിത്രീകരിച്ചതെങ്കില്‍ അമല്‍ നമുക്കിടയിലുള്ള സാധാരണക്കാരനായ, നോര്‍മല്‍ ആയ ഒരു വ്യക്തിയാണ്.
സ്ത്രീപുരുഷ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അതിനെ പലതലങ്ങളുള്ള ഒരു വിഷയമായി കാണാനുമാണ് ശ്രമം. അധികാരവും ജാതിയും വര്‍ഗവും ഇതിനുള്ളില്‍ വളരെ സൂക്ഷ്മമായി ഇഴചേര്‍ക്കപ്പെടുന്നു. നിയമ-നീതിന്യായ സ്ഥാപനങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നുമുണ്ട് സ്റ്റാന്‍ഡ് അപ്പ്.
നിയമം എന്തുതന്നെയായാലും സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മറ്റ് ചില ലോജിക്കുകളും സമീപനങ്ങളും കൊണ്ടാണെന്ന് സിനിമ ബോധ്യപ്പെടുത്തുന്നു.പോരാടാന്‍ ഇറങ്ങുന്നവരുടെ ജീവിതം ഈ പ്രക്രിയയില്‍ എന്തായിത്തീരുന്നുവെന്നും.
ഓരോ വ്യക്തിയുടേയും പ്രവര്‍ത്തി ഒരു വിശാലമായ സമൂഹത്തിന്റെ പ്രവര്‍ത്തി എല്ലാത്തിനും മുകളില്‍ സാമൂഹിക സ്ഥാപനങ്ങളുടെ ഇഴ ചേര്‍ന്നാണ് കഥ പറഞ്ഞിരിക്കുന്നത്. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കീര്‍ത്തി എന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കഥ പറയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ഓരോ കഥാപാത്രങ്ങളേയും കീര്‍ത്തി കാണികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. എല്ലാവരും സാധാരണക്കാര്‍. കൂട്ടങ്ങളിലും ഒറ്റയ്ക്കും അവര്‍ നമുക്ക് ചുറ്റുമുള്ളവരായി അവതരിപ്പിക്കുന്നു. വ്യക്തികളില്‍നിന്ന് കുടുംബത്തിലേക്ക് കഥ കടക്കുമ്പോഴാണ് സിനിമയിലെ പ്രധാന സംഘര്‍ഷം വെളിവാക്കപ്പെടുന്നത്.
പിന്നീട് കുടുംബത്തില്‍ നിന്ന് സമൂഹമധ്യത്തിലേക്ക് കൊണ്ടുവന്ന് നിര്‍ത്തുന്നു കീര്‍ത്തി. ആശകളിലൂടെ തുടങ്ങി പെട്ടന്ന് തന്നെ ഒട്ടും തമാശയല്ലാത്ത കൈ വഴികളിലേക്ക് കഥയെ കീര്‍ത്തി പറിച്ചുനടന്നുണ്ട്.
ഒരേ വിഷയത്തിലുള്ള അഞ്ചുപേരുടെ അനുഭവസാക്ഷ്യമായിട്ടാണ് നരേറ്റീവ് ഉറപ്പിച്ചിട്ടുള്ളത്. ഓരോരുത്തരും പറയുന്നത് ഓരോ കാര്യം. ഓരോരുത്തരും തങ്ങളുടെ താത്പര്യാര്‍ത്ഥം കണ്ട കാര്യങ്ങളില്‍ മാറ്റം വരുത്തുന്നു. കഥ അവസാനിക്കുമ്പോള്‍ യാഥാര്‍ഥ്യം വെളിവാകുന്നു. എന്തുകൊണ്ടാണ് പലരും പലരീതിയില്‍ ഒരേ കാര്യം പറയുന്നത്? അതാണ് പക്ഷപാതിത്വത്തിന്റെ പ്രശ്‌നം.
കാഴ്ചകളുടെ ലോകത്ത് നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും പക്ഷപാതപരമായ കാര്യങ്ങളാണ്. അത്തരത്തിലുള്ള പക്ഷപാതപരമായ വര്‍ണനകള്‍ക്കിടയിലും നീതിയെന്നത് പക്ഷപാതപരമല്ലാതിരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട് സിനിമ. സമൂഹത്തെ മുന്നോട്ട് നയിക്കാനും സ്വയം നവീകരിക്കാനുമുള്ള സംവിധാനമാണ് വിചാരണകളെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട് സിനിമ.
അതിലൂടെയാണ് വ്യക്തികളും നവീകരിക്കപ്പെടുന്നത്. ഷൂട്ടൗട്ടില്‍ കൊന്ന് തള്ളി നടപ്പാക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന നീതിയുടെ കപടമുഖം കൂടി വായിച്ചെടുക്കാന്‍ സ്റ്റാന്‍ഡ് അപ്പ് പ്രേരണയായിത്തീരുന്നു.