ബെംഗളൂരു: തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്ത തുടര്‍ന്ന് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ വീര്‍ ദാസിന്റെ ബെംഗളൂരുവിലെ പരിപാടി റദ്ദാക്കി. പരിപാടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ പരിപാടി മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും വീര്‍ ദാസ് അറിയിക്കുകയായിരുന്നു. അസൗകര്യം നേരിട്ടതിന് വീര്‍ ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു.
ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീര്‍ ദാസിന്റെ പരിപാടികളെന്ന് ആരോപിച്ച് പരിപാടിക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച മല്ലേശ്വരത്തെ ചൗഡയ്യ സ്മാരക ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടാണ് ഹിന്ദു ജനജാഗ്രതി സമിതി പൊലീസിന് പരാതി നല്‍കിയത്.
‘ലോകത്തിനുമുമ്പില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ്. അമേരിക്കയില്‍ വീര്‍ ദാസ് നടത്തിയ പരിപാടിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്ത്രീകളെയും മോശമായി പരാമര്‍ശിച്ചിട്ടുണ്ട്. മുംബൈ പൊലീസും ദല്‍ഹി പൊലീസും ഇതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്’ എന്നാണ് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്.
നേരത്തെ, യു.എസില്‍ ജോണ്‍. എഫ് കെന്നഡി സെന്ററില്‍ വെച്ച് ‘ടു ഇന്ത്യാസ് (Two Indias)’ എന്ന പേരില്‍ വീര്‍ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ പകല്‍ സ്ത്രീകളെ ആരാധിക്കുകയും രാത്രികളില്‍ അവരെ ബലാത്സംഗം ചെയ്യുകയുമാണെന്ന വീര്‍ ദാസിന്റെ പരാമര്‍ശം ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ വലിയ വിവാദമാക്കിയിരുന്നു.
നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ രണ്ട് മുഖങ്ങളാണ് വീര്‍ ദാസ് ‘ദി ടു ഇന്ത്യാസ്’ മോണോലോഗിലൂടെ അവതരിപ്പിച്ചത്. ദല്‍ഹി കൂട്ടബലാത്സംഗവും, കര്‍ഷക സമരവും ഇന്ത്യയിലെ ആനുകാലിക പ്രശ്‌നങ്ങളുമെല്ലാം പരിപാടിയിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ മറ്റൊരു സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ മുനവ്വര്‍ ഫാറൂഖിയുടെ ഗുജറാത്തിലെ പരിപാടിയും വിലക്കിയിരുന്നു. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങള്‍ മൂലമാണ് ഇത് റദ്ദാക്കിയതെന്ന് ഫാറൂഖി പറഞ്ഞത്.
ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലും ഫാറൂഖിയുടെ ഷോ ബെംഗളൂരു പൊലീസ് റദ്ദാക്കിയിരുന്നു. ജനുവരിയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒരു ഷോയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫാറൂഖി അറസ്റ്റ് ചെയ്യപ്പെട്ടു.
വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ സെപ്റ്റംബറില്‍ നടത്താനിരുന്ന പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോയും റദ്ദാക്കിയിരുന്നു. കുനാല്‍ കമ്ര മതവികാരം വ്രണപ്പെടുത്തുംവിധം പരിപാടി അവതരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു വി.എച്ച്.പി പ്രതിഷേധം.