ന്യൂദല്‍ഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.
സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ 10- 15 കീലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെ കൂടി മോദി പരിഗണിക്കണം എന്നാണ് കുനാല്‍ കമ്ര പറയുന്നത്. അതുകൊണ്ട് സിനിമ കാണാനെത്തുന്നവര്‍ക്ക് പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഭൂരിഭാഗം ആളുകളും അവര്‍ക്കിഷ്ടമുള്ള തിയേറ്ററിലെത്താന്‍ 10-15 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്. കശ്മീര്‍ ഫയല്‍ കാണാന്‍ പോകുന്നവര്‍ക്ക് പ്രധാനമന്ത്രി 50 രൂപ നിരക്കില്‍ പെട്രോള്‍/ഡീസല്‍ സബ്സിഡിയായി നല്‍കാന്‍ തയ്യാറാകുമോ,’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
കശ്മീര്‍ ഫയല്‍സ് മികച്ച ചിത്രമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചൊവ്വാഴ്ച നടന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, ചിത്രത്തോടനുബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
CONTENT HIGHLIGHTS: Stand up comedian Kunal Kamra has ridiculed Prime Minister Narendra Modi’s statement that this is a The Kashmir Files movie that everyone should watch.