തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇസ്‌ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്ന് സി.പി.ഐ.എം വിലയിരുത്തല്‍.
ബി.ജെ.പിക്ക് ആശങ്കപ്പെടുത്തുന്ന വളര്‍ച്ച കൈവരിക്കാനായിട്ടില്ലെന്നും സി.പി.ഐ.എം സംസ്ഥാന സമിതി വിലയിരുത്തി. അതേസമയം ചില സമുദായങ്ങളില്‍ ബി.ജെ.പി സ്വാധീനം വര്‍ധിക്കുന്നതായും സമിതി വിലയിരുത്തിയിട്ടുണ്ട്.
എം.വി ഗോവിന്ദന്‍ അധ്യക്ഷനായി ആരംഭിച്ച യോഗം ഞായറാഴ്ചയും തുടരും. ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നിങ്ങനെ ചിലയിടങ്ങളില്‍ പാര്‍ട്ടിയിലുള്ള പ്രാദേശികമായ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് പരിഹരിക്കണമെന്ന് സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് എന്നിവയുടെ സ്വാധീനമാണ് ബി.ജെ.പിക്ക് ഉണ്ടായ നേട്ടത്തിന് കാരണമെന്നും വിലയിരുത്തല്‍ ഉണ്ട്. ജമാ അത്ത് ഇസ്‌ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും യു.ഡി.എഫില്‍ നിന്ന് ക്രൈസ്തവവിഭാഗം അകല്‍ച്ച കാണിച്ചെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി.
മുസ്‌ലിം ലീഗിന് മാത്രമാണ് യു.ഡി.എഫില്‍ നേട്ടമുണ്ടാക്കാനായത്. സര്‍ക്കാരിന്റെ വികസനജനക്ഷേമ പദ്ധതികള്‍ ജനപിന്തുണ വര്‍ധിക്കുന്നതിനിടയാക്കി. അതിനാല്‍ ഇത്തരം പദ്ധതികള്‍ തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കൊല്ലം മണ്‍റോത്തുരുത്തിലെ ആര്‍ മണിലാലിന്റെയും കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയിലെ ഔഫ് അബ്ദുറഹിമാന്റെയും കൊലപാതകത്തില്‍ സംസ്ഥാന കമ്മിറ്റി അപലപിക്കുകയും ചെയ്തു.
ദല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കവെ രക്തസാക്ഷികളായ 30 കര്‍ഷകരുടെ നിര്യാണത്തിലും സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക