കോഴിക്കോട്: ഭീകരതയെ ചെറുക്കുവാന്‍ മതത്തിനകത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന പ്രമേയവുമായി മര്‍ക്കസ് സമ്മേളനം. ആരുടെയും ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും മേല്‍ കയ്യേറ്റം നടത്താന്‍ ഒരു വിശ്വാസിക്കും അവകാശമില്ല. ഭീകരരുടെ യാതൊരു സഹായവും ഇസ്‌ലാമിനോ മുസ്‌ലിംങ്ങള്‍ക്കോ ആവശ്യമില്ല. മുസ്‌ലിംങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കരുതെന്നാണ് ഇത്തരക്കാരോടുള്ള ലോക മുസ്‌ലിംങ്ങളുടെ അപേക്ഷയെന്ന് പ്രമേയം പറയുന്നു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കുന്നവര്‍ മതത്തെ തന്നെയാണ് യഥാര്‍ത്ഥില്‍ വേട്ടയാടുന്നത്. ഇസ്‌ലാമിന്റെ പേരും ചിഹ്നവും ഉപയോഗിച്ച് മാനവരാശിക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ മതത്തെ പൊതു സമൂഹത്തിന് മുന്‍പില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരെ പോരാടുവാന്‍ വിശ്വാസികളും മതനേതാക്കളും ഭരണകൂടവുമായി സഹകരിക്കണം. തീവ്രവാദികളെയും വിശ്വാസികളെയും വേര്‍ തിരിച്ച് കാണുവാനുള്ള നയ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് വിപരീത ഫലമാണ് ഉണ്ടാവുകയെന്നും പ്രമേയത്തില്‍ പറയുന്നു.
ഭീകരതയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന യാതൊരു നീക്കത്തിനും പങ്കാളികളാവില്ലെന്നും അന്യരുടെ ജീവനും സ്വത്തിനും ക്ഷതമേല്‍പ്പിക്കില്ലെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ കഴിഞ്ഞ ദിവസം പെഷവാറില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.