റിയാദ്: സാങ്കേതിക വളര്‍ച്ചയോടൊപ്പം ഉണ്ടാകേണ്ട മാനവികത ഇല്ലാത്തതാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. നവോത്ഥാനമൂല്യങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഒരു മതേതര സമൂഹത്തില്‍ മാനവികതക്ക് പകരം അരാഷ്ട്രീയതയും വര്‍ഗീയതയുമാണ് വളരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദില്‍ ചില്ല സര്‍ഗവേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശിഹാബുദ്ദീന്‍.
“ആത്യന്തികമായി പണമാണ് സര്‍വ്വസ്വവും. അവിടെ കച്ചവടമൂല്യങ്ങള്‍ മാത്രമേയുള്ളൂ. മറ്റുള്ളവരെ കുറിച്ചുള്ള വേവലാതി ഇല്ലാതെ അവനവനിലേക്ക് ചുരുങ്ങുന്ന അരാഷ്ട്രീയ പ്രവണതയാണ് ഇന്ന് കാണുന്നത്.” ശിഹാബുദ്ദീന്‍ പറയുന്നു.
മതനിരപേക്ഷസമൂഹം രൂപപ്പെടുന്നത് രാഷ്ട്രീയത കൈമുതലായുള്ള സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്നാണ്. ചരിത്രത്തെ വളച്ചൊടിക്കൂകയും അതിനെ ഭയക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തിനെതിരെ ഓര്‍മയുടെ രാഷ്ട്രീയം മുറുകെ പിടിക്കേണ്ടതുണ്ട്. അത് ദുര്‍ബലമാകുന്നതാണ് ശ്രീനാരായണഗുരുവിന് പകരം വെള്ളാപള്ളി നടേശനെ കാണേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കഥയും കാലവും” എന്ന സര്‍ഗ്ഗസംവാദത്തില്‍ ജയചന്ദ്രന്‍ നെരുവമ്പ്രം മോഡറേറ്ററായിരുന്നു. ചടങ്ങില്‍ എം. ഫൈസല്‍ സ്വാഗതം പറഞ്ഞു. ജോസഫ് അതിരുങ്കല്‍, കെ.യു ഇഖ്ബാല്‍, സബീന എം. സാലി, അനിത, സിന്ധു, ദസ്തകീര്‍, കേളി കലാസാംസ്‌കാരിക വേദി സെക്രട്ടറി റഷീദ് മേലേതില്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവരും ചടങ്ങില്‍ സംസാരിച്ചു. നൗഷാദ് കോര്‍മത്ത് അധ്യക്ഷനായി. ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.