മുംബൈ: അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ ഹരജി നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയില്‍.
ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റംതെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധായരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.
സാമൂഹിക സംഘടനകളെ നിരോധിത സംഘടനകളുടെ മറയായി മുദ്രകുത്തുന്ന യു.എ.പി.എ. വകുപ്പുകളെയും സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തു. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ സ്റ്റാന്‍ സ്വാമി ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരും.
അദ്ദേഹത്തിന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതുസംബന്ധിച്ച് നിര്‍ദേശം മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയിട്ടുണ്ട്.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ,
പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.