ന്യൂദല്‍ഹി: ഭീമ കൊറേഗാവ് ഗൂഢാലോചന കേസില്‍ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കായി ക്യാംപെയ്‌നുമായി സോഷ്യല്‍ മീഡിയ. പാര്‍ക്കിന്‍സന്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ഉപയോഗിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും നല്‍കാനാവില്ലെന്ന എന്‍.ഐ.എയുടെ നിലപാടിനെതിരെയാണ് ക്യാംപെയ്ന്‍.
സിപ്പര്‍ കപ്പിനായുള്ള സ്വാമിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച സമയമാണ് എന്‍.ഐ.എക്ക് കോടതി നല്‍കിയത്.
ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യും നേരം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സ്‌ട്രോയും സിപ്പര്‍ കപ്പും ജയിലധികൃതര്‍ പിടിച്ചുവെച്ചുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
ഇത് തിരികെ ലഭിക്കാന്‍ മൂന്നാഴ്ച്ച മുമ്പ് സ്റ്റാന്‍ സ്വാമി നല്‍കിയ അപേക്ഷയില്‍, തങ്ങളുടെ പക്കല്‍ അദ്ദേഹത്തിന്റെ വസ്തുക്കളൊന്നും തന്നെയില്ല എന്നായിരുന്നു എന്‍.ഐ.എയുടെ മറുപടി.
അതേസമയം എന്‍.ഐ.എക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നത്. രോഗബാധിതനായ ഒരാള്‍ക്ക് അത്യാവശ്യമായി അനുവദിക്കേണ്ട അവകാശങ്ങള്‍ പോലും അന്വേഷണ സംഘം തടഞ്ഞു വെക്കുകയാണെന്നാണ് വിമര്‍ശനം.
Content Highlight: Stan Swamy Slipper Cup Straw