കോഴിക്കോട്: ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ ജോണ്‍ ദയാല്‍ ആണ് കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
എല്ലാ പ്രതിസന്ധികള്‍ക്കിടയിലും തലോജ ജയിലില്‍ മനുഷ്യത്വം വളരുന്നുവെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
പ്രിയസുഹൃത്തുക്കളെ,
സമാധാനം! എഴുതാന്‍ എനിക്ക് ധാരാളം വിശേഷങ്ങളൊന്നുമില്ല. നിങ്ങള്‍ നല്‍കുന്ന എല്ലാ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. രണ്ട് തടവുകാര്‍ക്കൊപ്പം ഒരു സെല്ലിലാണ് ഞാനിപ്പോള്‍.
ഒരു ചെറിയ കുളിമുറിയും ടോയ്‌ലെറ്റും ഉണ്ടിവിടെ. വരവരറാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ മറ്റൊരു സെല്ലിലാണ്. പകല്‍സമയത്ത് സെല്ലുകള്‍ തുറക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാറുണ്ട്. എന്റെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാന്‍ അരുണ്‍ എന്നെ സഹായിക്കാറുണ്ട്. കുളിക്കാന്‍ വെര്‍നോണ്‍ സഹായിക്കും.
അവര്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്റെ സഹതടവുകാരെയും അന്തേവാസികളെയും ഓര്‍മ്മിക്കുക. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും തലോജ ജയിലില്‍ മനുഷ്യത്വം വളരുന്നു– ഇതായിരുന്നു കത്തിലെ പ്രസക്ത ഭാഗങ്ങള്‍.
പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ സ്റ്റാന്‍ സ്വാമിയ്ക്ക് വെള്ളം കുടിക്കാന്‍ ഗ്ലാസ്സ് കൈയ്യില്‍ പിടിക്കാന്‍ കഴിയുന്നില്ലെന്നും സ്‌ട്രോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിഷയത്തില്‍ നവംബര്‍ 28 ന് കോടതി വാദം കേള്‍ക്കാനിരിക്കെയാണ്.
ഭീമ കൊറേഗാവ് കേസിലാണ് കത്തോലിക്ക പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. വാറന്റ് ഇല്ലാതെയായിരുന്നു എന്‍.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്‍.ഐ.എ 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിരുന്നതായും സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നും അടുത്തിടെ പുറത്ത് വിട്ട വീഡിയോയില്‍ സ്റ്റാന്‍ സ്വാമി പറഞ്ഞു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ് അദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക