എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്ന് സ്റ്റാന്‍ സ്വാമിയുടെ പേര് എടുത്തു മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകന്‍
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. ഫാദര്‍ സ്റ്റാന്‍ സാമിയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
സ്റ്റാന്‍ സ്വാമി മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് കീഴ്‌ക്കോടതി നടത്തിയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 21 ാം അനുച്ഛേദം മരണപ്പെട്ടവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഹരജിയില്‍ അഭിഭാഷകന്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമി ജീവിച്ചിരുന്ന കാലത്ത് തന്റെ പേര് എടുത്ത് മാറ്റാന്‍ വേണ്ട നടപടികള്‍ക്കായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും ഇതുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ജൂലായ് 5 ന് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു അദ്ദേഹം മരണപ്പെട്ട കാര്യം കോടതിയെ അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ കോഡ് 394 പ്രകാരം സ്റ്റാന്‍ സ്വാമിയുടെ മരണത്തോടെ ജാമ്യാപേക്ഷ ‘ഇളവുചെയ്തതായി’ പരിഗണിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പറഞ്ഞിരുന്നു.
എന്നാല്‍ അപ്പീലില്‍ വാദം കേള്‍ക്കാന്‍ വ്യക്തിയുടെ ബന്ധുക്കള്‍ക്ക് കോടതിയുടെ അനുമതി തേടാമെന്നും സ്റ്റാന്‍ സ്വാമിയുടെ അസോസിയേറ്റും സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ഫാദര്‍ ഫ്രേസര്‍ മസ്‌കറന്‍ഹസിന് അടുത്ത ബന്ധുവായി സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള മജിസ്‌ട്രേട്ടല്‍ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ‘അപര്യാപ്തമായ ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജയില്‍ സാഹചര്യങ്ങള്‍’ കാരണമായേക്കാമെന്നും മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.
2020 ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്ന് ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലായതിന് ശേഷം സ്റ്റാന്‍ സ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു പ്രവേശിപ്പിച്ചത്.