മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നിരാഹാരമിരുന്ന് അദ്ദേഹത്തിനൊപ്പം കേസില്‍ അറസ്റ്റിലായവര്‍. മുംബൈ തലോജ ജയിലിലാണ് എല്‍ഗാര്‍ പരിഷദ് കേസില്‍ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായവര്‍ കഴിഞ്ഞ ദിവസം ഒരു ദിവസത്തെ നിരാഹാരമിരുന്നത്.
സ്റ്റാന്‍ സ്വാമിയുടേത് സ്ഥാപനക്കൊലയാണെന്ന് പറഞ്ഞ് നിരാഹാരമിരുന്ന തടവുകാര്‍ എന്‍.ഐ.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഫാ. സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്തിരുന്ന സമയത്ത് തലോജ ജയില്‍ സൂപ്രണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണം. സ്റ്റാന്‍ സ്വാമിയെ ഉപദ്രവിക്കാന്‍ കിട്ടിയിരുന്ന ഒരു അവസരവും എന്.ഐ.എയും മുന്‍ സൂപ്രണ്ടായിരുന്ന കൗസ്തുഭ് കുര്‍ലേക്കറും ഒഴിവാക്കിയിരുന്നില്ലെന്നും എല്‍ഗാര്‍ കേസിലെ കുറ്റാരോപിതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയായിരുന്നു അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ജാമ്യഹരജിക്ക് പുറമെ അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.