| Thursday, 15th July 2021, 12:23 pm

ഇനിയും വളയുമോ നമ്മുടെ മുതുകുകള്‍

എന്‍.വി ബാലകൃഷ്ണന്‍

സ്വാതന്ത്യത്തെക്കുറിച്ചുള്ള പ്രഘോഷണങ്ങളില്‍ അഭിരമിക്കുന്നവരാണ് പൊതുവില്‍ മനുഷ്യരെല്ലാം. എന്നാല്‍ അടിമത്തത്തിന്റെ നുകത്തിന് കീഴിലാണ് തങ്ങളീ ഗിരിപ്രഭാഷണങ്ങളൊക്കെ നടത്തുന്നത് എന്ന യഥാര്‍ത്ഥ്യം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യും. നടുവളഞ്ഞും ശിരസ്സു കുനിഞ്ഞുമൊക്കെ ഒരു ജീവിതം സാദ്ധ്യമാകുമെങ്കില്‍ വലിയ പ്രതിരോധമൊന്നുമില്ലാതെ അങ്ങനെയങ്ങ് ജീവിച്ചു തീര്‍ക്കാനാണ് അധികം പേരും ശ്രമിക്കുക.

ഇനിയും കുനിയാനാവില്ല; എന്നൊരവസ്ഥയിലെത്തുമ്പോള്‍ അവരൊക്കെ ഒരു പക്ഷേ പ്രതിഷേധിക്കാന്‍ തയാറാവുകയും ചെയ്യും. നമുക്കു മുമ്പിലുള്ള പ്രസക്തമായ ചോദ്യം ഒരു മൃഗജീവിതത്തിന് വേണ്ടി കുനിഞ്ഞുകൊടുക്കാന്‍ ‘ഇനിയുമിടമുണ്ടോ എന്നതാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നാം സ്വയം തേടേണ്ടത്. അതു തന്നെയായിരിക്കും നമ്മുടെ ഭാവിയെ നിശ്ചയിക്കുന്നതും.

പാര്‍ലമെന്ററി ജനാധിപത്യം നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവുമനുഭവിച്ചു വളര്‍ന്ന ഒരു തലമുറയാണ് നമ്മുടേത്. അതിന്റെ പരിമിതികളെക്കുറിച്ച് നാം വാചാലമാകാറുണ്ടെങ്കിലും. ആചന്ദ്രതാരം ഈ വ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നതാണ് എന്നൊരു തോന്നലാണ് നമുക്ക്.

‘സ്വാതന്ത്യ സമരം’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, ഒരു ജനതയുടെ മഹത്തായ പോരാട്ടവും ആയിരങ്ങളുടെ ആത്മസമര്‍പ്പണവുമാണ് ഇത് സാദ്ധ്യമാക്കിയതെന്നും പലതരം വെല്ലുവിളികളെ അത് നേരിടുന്നുണ്ടെന്നും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലങ്കില്‍ ആ സന്നഭാവിയില്‍ തന്നെ അത് കൈമോശം വന്നു പോകാനിടയുണ്ടെന്നും പൊതുവേയാരും പരിഗണിക്കുന്നേയില്ല.

നരേന്ദ്ര മോദി, അമിത് ഷാ

ഒരു രാഷ്ടീയ പാര്‍ട്ടി ഭരണകക്ഷിയും ഭരണ സ്വരൂപവുമായിത്തീരുമ്പോള്‍, നമുക്കവരോട് വിയോജിപ്പു തോന്നിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലൂടെ അവരെ പുറം തള്ളാവുന്നതല്ലേയുള്ളൂ; നമുക്ക് താല്‍പ്പര്യമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ എന്ന് പട്ടാംങ്ങമായി ചിന്തിക്കുന്നവരാണ് മഹാഭൂരിപക്ഷം മനുഷ്യരും.

തന്റെ കൂട്ടര്‍ക്ക് (അതൊരു പ്രതീതി സുഖം മാത്രമാണിന്ത്യയിലിന്ന്. തന്റെ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, സെക്കുലര്‍ സംഘടനകള്‍ എന്നതിനപ്പുറം, തന്റെ മതം, ജാതി, ദേശം, നേതാവ് എന്നൊക്കെയാണിന്നതിന്റെ അര്‍ത്ഥം) അധികാരം കിട്ടുമെങ്കില്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും നല്ലത്, എന്നാണ് പൊതുവില്‍ മനുഷ്യര്‍ ചിന്തിക്കുന്നത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വാതന്ത്യ സമരപ്പോരാട്ടത്തിലൂടെ നാം നേടിയെടുത്ത ആധുനിക മൂല്ല്യബോധത്തെ – ജനാധിപത്യ ബോധത്തെ -, ആധുനിക പൂര്‍വ്വകാലത്തെ സ്വത്വബോധങ്ങള്‍ കൊണ്ട് മൂടപ്പെടുന്നു (Overlap). സംഘപരിവാരം പതിറ്റാണ്ടുകളെടുത്ത് ക്ഷമാപൂര്‍വ്വം ഇന്ത്യയില്‍ ചെയ്തതാണിത്.

നോട്ടു നിരോധനമോ, കോര്‍പ്പറേറ്റിസമോ അതൊക്കെകൂടി സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളോ വീര്‍പ്പുമുട്ടിക്കുമ്പോഴും, അല്പം മുതുകുവളച്ചും ജീവിക്കാന്‍ ഭൂരിപക്ഷ ജനത തയാറാകുന്നു. തന്റെ സ്വത്വാധിപത്യത്തിന്റെ (മതം, നേതാവ്) കീഴിലാണ് അപരന്‍ (ഇതര വിഭാഗങ്ങള്‍) ജിവിക്കുന്നത് എന്നറിയുമ്പോഴുള്ള ഒരു പ്രതീതി സുഖം(Impressive happiness) അവരനുഭവിക്കുന്നു.

മറ്റെന്തൊക്കെ നഷ്ടപ്പെടുമ്പോഴും തനിക്കൊരു രക്ഷകനായ നേതാവിനെ(Saviour, Redeemer) കിട്ടുന്നത് പോലുള്ള പ്രതീതി സുഖം അവരനുഭവിക്കുന്നു. അപരവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാവട്ടെ, കീഴടങ്ങിക്കൊണ്ടാണെങ്കിലും ജീവിതം സാദ്ധ്യമാണ് എന്നത് തന്നെ വലിയ കാര്യമായി കരുതുകയും ചെയ്യുന്നു. ഇനിയും നമുക്ക് മുതുക് വളക്കാനും നാവടക്കിക്കഴിയാനും ഇടമുണ്ടോ എന്നതാണ് പ്രശ്‌നം.

സ്റ്റാന്‍ സ്വാമി

സ്റ്റാന്‍ സ്വാമിയുടെ കൊല, ലക്ഷദ്ദീപിലെ സംഭവങ്ങള്‍ എന്നിവ മൂക്കിന് മുട്ടിക്കൊണ്ട്, നമ്മോട് ഈ ചോദ്യം ചോദിക്കുന്നു. 84വയസ്സുള്ള ഒരു വന്ധ്യ വയോധികനെ, ഒരു പാര്‍ക്കിന്‍സണ്‍സ് രോഗിയെ, ആനച്ചങ്ങല കൊണ്ട് പട്ടിയെ കെട്ടിയിട്ടത് പോലെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട ചിത്രം ലോകത്തിന് മുമ്പില്‍ ഇന്ത്യയേക്കുറിച്ച് വരക്കുന്ന ചിത്രമെന്തായിരിക്കും?

വിറക്കുന്ന കൈകള്‍ കൊണ്ട് ഒരു കവിള്‍ വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ തനിക്ക് വെള്ളം കുടിക്കാനുള്ള പാത്രവും കുഴലും സ്വന്തം ബാഗില്‍ കരുതിയിരുന്നു. അതൊന്നെടുത്തു കൊടുക്കാന്‍ തനിക്കു മുമ്പിലൂടെ കടന്നുപോകുന്നവരോടെല്ലാം കെഞ്ചിയിട്ടും ആരും അത് ചെവിക്കൊണ്ടില്ലത്രേ!

മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു രാജ്യത്താണിത് സംഭവിക്കുന്നത്. ഇനി അയാളെന്തെങ്കിലും തെറ്റു ചെയ്തതു കൊണ്ടാണോ ഈ പ്രാകൃതശിക്ഷ? താന്‍ ജീവിതത്തിലൊരിക്കലും പോയിട്ടില്ലാത്ത മറാത്തയിലെ ബീമാകെറേഗാവ് ഗ്രാമത്തില്‍ നടന്ന മെഹറുകളുടെ(അംബേദ്ക്കര്‍ ജനിച്ച ജാതി) ഒരു സമ്മേളനത്തില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് യു.എ.പി.എ ചുമത്തി സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതനെ അറസ്റ്റ് ചെയ്തത്.

ആ സമ്മേളനമാകട്ടെ സവര്‍ണ്ണ മറാത്തകള്‍ ഒരുവശത്തും മെഹറുകള്‍ മറുവശത്തുമായി രണ്ട് നൂറ്റാണ്ട് മുമ്പ് നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കലായിരുന്നു. ഈ സമ്മേളനം തന്നെ രാജ്യദ്രോഹമാണെന്നാരോപിച്ച്, അവരെ സഹായിച്ച ബുദ്ധിജീവികളേയും കവികളേയും മറ്റുമാണ് യു.എ.പി.എ ചുമത്തി വിചാരണയോ കുറ്റപത്രമോ ഒന്നും നല്‍കാതെ തടവിലാക്കിയത്.

സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി നടത്തിയ പ്രതിഷേധസമരം

ഒന്നര വര്‍ഷം കൂടെ കഴിഞ്ഞാണ് ഒരു തെളിവിന്റേയും പിന്‍ബലമില്ലാതെ, അവിടെ പോവുക പോലും ചെയ്യാത്ത സ്വാമിയെ കരിനിയമം ഉപയോഗിച്ച് ജയിലിലടച്ചത്. അദ്ദേഹം ചെയ്ത യഥാര്‍ത്ഥ കുറ്റം എന്താണ്? ചത്തീസ്ഗഡില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍, അവിരിലൊരാളായി ജീവിച്ച് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സ്റ്റാന്‍ സ്വാമി.

ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിച്ച് ഭൂമി കയ്യടക്കി ഖനിജങ്ങള്‍ കുഴിച്ചെടുക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ കേസ്സ് നടത്താന്‍ ആദിവാസികളെ സഹായിക്കുന്നു. കൊന്നൊടുക്കിയതിനാലോ ആട്ടിപ്പായി ച്ചതിനാലോ, വര്‍ഷങ്ങളായി കാണാതായ ആദിവാസി ചെറുപ്പക്കാരെ കണ്ടെത്താന്‍ വേണ്ടി കോടതികളില്‍ ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ സമര്‍പ്പിച്ച് നിയമപ്പോരാട്ടം നടത്തുന്നു.

ഇതുമൂലം കോര്‍പ്പറേറ്റുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനാണ് സ്റ്റാന്‍ സ്വാമിക്ക് ‘അര്‍ബന്‍ മാവോയിസ്റ്റ്’ എന്നൊരു മുദ്ര ചാര്‍ത്തി നല്‍കി, ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ അകത്താക്കി നരകിപ്പിച്ച് കൊലപ്പെടുത്തിയത്. ഇത്രയൊക്കെ സംഭവിച്ച ശേഷവും ജനാധിപത്യ ഭാരതം ഈ സംഭവത്തോട് എങ്ങിനെ പ്രതികരിച്ചു എന്ന് കാണുമ്പോള്‍ ശരിക്കും നിങ്ങള്‍ക്ക് ഭയം തോന്നുന്നില്ലേ? ഒരു ജീവിതത്തിന് വേണ്ടി ഇനിയും വളയാനുള്ള ശേഷി നമ്മുടെ മുതുകിനുണ്ടോ?

ലക്ഷദ്ദീപും ഇതേ ചോദ്യം നമ്മോട് ചോദിക്കുന്നു. കോര്‍പ്പറേറ്റ് ടൂറിസത്തിനും ഭാവിയിലെ സൈനിക ആവശ്യങ്ങള്‍ക്കും വേണ്ടി ആ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ ജനതയെ, ലക്ഷദ്ദീപ് ജനതയെ അവിടെ നിന്ന് ആട്ടിപ്പായിച്ച് ഭൂമി കയ്യടക്കാനുള്ള നീക്കം എത്ര ജനാധിപത്യ വിരുദ്ധവും ഹീനവുമായ രീതിയിലാണ് നടപ്പിലാക്കുന്നത്. അവരുടെ ചെറുത്തുനില്‍പ്പുകളേയും ഇതേ രാജ്യദ്രോഹ കുറ്റവും ഗുണ്ടാ നിയമവുമൊക്കെ ഉപയോഗിച്ച്, പൗരാവകാശങ്ങള്‍ നിഷേധിച്ച് അടിച്ചമര്‍ത്തുന്നു.

ഐഷ സുല്‍ത്താന എന്ന ഊര്‍ജ്ജസ്വലയായ, സര്‍ഗ്ഗധനയായ ഒരു യുവതിയെ കോടതി രാജ്യദ്രോഹ കുറ്റം തള്ളിയ ശേഷവും പീഡിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവരെപ്പോലുള്ള ഊര്‍ജസ്വലമായ തലച്ചോറുകളാണ് ഭാവിയില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടത്. പക്ഷേ ലോകത്തിന്റെ അനുഭവം, ജനാധിപത്യം ചങ്ങലയില്‍ ബന്ധിക്കപ്പെടുമ്പോള്‍ പ്രതിഭകള്‍ ആ രാജ്യം തന്നെ ഉപേക്ഷിച്ചു പോകുന്നതാണ്. ക്ലാസിക്കല്‍ ഫാസിസത്തിന്റെ കാലത്ത് ലോകമത് ധാരാളമായി കണ്ടിട്ടുണ്ട്.

സ്റ്റാന്‍ സ്വാമിയും ഐഷ സുല്‍ത്താനയുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ജനാധിപത്യത്തിലെ കയ്യബദ്ധങ്ങളാണെന്നും വാദിക്കാന്‍ ഇവിടെ ആളുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ഒരു ഭരണകൂടം ജനങ്ങള്‍ക് നല്‍കുന്ന മുന്നറിയിപ്പുകളാണ്. തങ്ങള്‍ തങ്ങളുടെ ശരിയായ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടയൊന്നുമല്ല തങ്ങളുടെ വേദപുസ്തകം. മനുസ്മൃതിയാണ്. അതിനെതിരെ ഭരണഘടനയും പൊക്കിപ്പിടിച്ചു വന്നാല്‍ അതേ ഭരണഘടനയുപയോഗിച്ചു തന്നെ സ്മൃതികളിലെ ഭരണം നടപ്പില്‍ വരുത്താന്‍ ഞങ്ങള്‍ക്കറിയാം എന്ന പരസ്യ പ്രഖ്യാപനമാണത്. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ സ്റ്റാന്‍ സ്വാമിയേപ്പോലെ തടവില്‍ കിടന്ന് നരകിച്ച് മരിക്കാന്‍ തയാറാവുക, എന്ന സന്ദേശമാണത് നല്‍കുന്നത്.

ഐഷ സുല്‍ത്താന

ഇനിയും ചെറുത്തുനില്‍പ്പിനേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒന്നുകില്‍ ഏറ്റുമുട്ടല്‍ കൊലകളില്‍ അവസാനിക്കാം. അല്ലെങ്കില്‍ രാജ്യദ്രോഹ കുറ്റവാളിയായി തടവില്‍ കഴിയാം. അല്ലെങ്കില്‍ ഈ രാജ്യത്ത് നിന്ന് തന്നെ പാലായനം ചെയ്യാം, എന്ന മുന്നറിയിപ്പാണവര്‍ നല്‍കുന്നത്.

കേരളം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ പ്രബുദ്ധതയുടെ മണ്ണാണ് എന്നൊക്കെ ഇപ്പോഴും കരുതുന്നവരുണ്ട്. മഹത്തായ ചരിത്രവും തീഷ്ണമായ ഓര്‍മ്മകളുമുള്ള നവോത്ഥാന പ്രസ്ഥാനം,ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസ്റ്റ് പ്രസ്ഥാനം ഒക്കെ ഉണ്ടായിരുന്ന മണ്ണ്.

അതിന്റെ ഭൂതകാലത്തെയാകെ വഴിയിലുപേക്ഷിച്ച് വലത്തോട്ട് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ദുരന്തക്കാഴ്ചയാണ് ഇപ്പോള്‍ കണ്‍മുന്നിലുള്ളത്. അപ്പോഴും സംസ്ഥാന ഭരണം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഘപരിവാര്‍ വലിയ ആധിപത്യ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണവിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധ സമരം/ ഫോട്ടോ:ഐഷ സുല്‍ത്താന ഫേസ്ബുക്ക് പേജ്

അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കും ഹൃസ്വകാല പരിപാടികള്‍ക്കുമനുസരിച്ച് എന്തിനേയും നിയന്ത്രിക്കാനുള്ള ശേഷി അവരാര്‍ജിച്ചു കഴിഞ്ഞു എന്നുതന്നെ മനസ്സിലാക്കണം. കരിനിയമങ്ങള്‍, സര്‍ക്കാരിന്റെ കയ്യിലുള്ള അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, നിയമബാഹ്യമായ അധികാര വിനിയോഗം, അഴിമതി, ക്രിമിനല്‍ സംഘങ്ങളുടെ രാഷ്ടീയ പ്രയോഗം, കള്ളപ്പണം, കള്ളക്കടത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവയൊക്കെ പരിശോധിച്ചില്‍ കേന്ദ്രത്തില്‍ സംഭവിക്കുന്നതിന്റെ ഒരു ബീടീം തന്നെയല്ലേ കേരളത്തിലുമുള്ളത് എന്ന് ന്യായമായും സംശയിക്കാം.

ഇതിനര്‍ത്ഥം പ്രതീക്ഷയറ്റ ഒന്നായി ഇന്ത്യന്‍ ജീവിതം മാറിക്കഴിഞ്ഞു എന്നല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരുകള്‍ ഒരു വേനല്‍ വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി അവസാനിക്കുന്ന ഒന്നല്ല എന്ന് നമ്മെ അത് ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.

സ്വാതന്ത്ര്യ സമരം എന്ന തീയില്‍ കുരുത്തതാണത്. ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭവും പൗരത്വ നിഷേധ നിയമത്തിനെതിരെ നടന്ന സമരവുമൊക്കെ അത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്. ഗാന്ധിയുടേയും നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റേയും ഭഗത് സിംഗിന്റെയും എ.കെ.ജി യുടേയും ഇന്ത്യ ഒരു ജനാധിപത്യപ്പോരാട്ടം ഊതി കത്തിക്കാനുള്ള കനല്‍ തീര്‍ച്ചയായും കാത്തു വെച്ചിട്ടുണ്ടാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

എന്‍.വി ബാലകൃഷ്ണന്‍

രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more