| Saturday, 23rd December 2023, 1:43 pm

യൂറോ കപ്പില്‍ ജര്‍മനി- ഇംഗ്ലണ്ട് കളി വന്നാല്‍ ഹാരി കെയ്ന്‍ ഫോമാവും; പ്രതീക്ഷകള്‍ പങ്കുവെച്ച് ഇംഗ്ലീഷ് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനായി മിന്നും ഫോമിലാണ് ഈ സീസണില്‍ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റാന്‍ കോളിമോര്‍.

ഹാരി കെയ്‌ന്റെ ഈ മികച്ച പ്രകടനം ഇംഗ്ലണ്ട് ടീമിലും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷകളാണ് കോളിമോര്‍ പങ്കുവെച്ചത്.

‘ഹാരി കെയ്‌ന് ഈ സീസണില്‍ സമ്മറില്‍ കൃത്യമായ വിശ്രമം ലഭിക്കും. ഇത് ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ വീണ്ടും കളിക്കാന്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം കെയ്ന്‍ നടത്തും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ഹാരി കെയ്ന്റെ ഈ മികച്ച പ്രകടനം വരാന്‍ പോകുന്ന യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വളരെയധികം സഹായിക്കും. സമ്മറിന് മുമ്പായി ഒരു സീസണില്‍ കെയ്ന്‍ ഇത്രയധികം ഗോളുകള്‍ നേടിയത് വളരെയധികം അതിശയകരമായ ഒന്നാണ്. ഒരു പുതിയ ടീമിലേക്ക് മാറുമ്പോള്‍ അവിടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

യൂറോ കപ്പില്‍ ഇംഗ്ലണ്ട് മത്സരിക്കാന്‍ പോകുന്ന സ്റ്റേഡിയങ്ങളില്‍ ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. യൂറോ കപ്പില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന് കളിക്കേണ്ടി വന്നാല്‍ അവിടെ കളിക്കുന്ന കളിക്കാരെ കുറിച്ചു മനസ്സിലാക്കാന്‍ കെയ്‌ന് സാധിക്കും. അത് ക്യാരറ്റ് സൗത്ത് ഗേറ്റിന്റെ ടീമിന് നല്‍കുന്ന വലിയ പ്രതീക്ഷകളായിരിക്കും,’ കോളിമോര്‍ കാട്ട് ഓഫ്‌സൈഡിനോട് പറഞ്ഞു.

ഈ സീസണിലാണ് ഹാരി കെയ്ന്‍ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ബവേറിയന്‍സിനായി 21 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഹാരി കെയ്ന്‍ 25 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 62 ഗോളുകള്‍ നേടിക്കൊണ്ട് ഇംഗ്ലീഷ് ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് കെയ്ന്‍.

1966 ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ഒരിക്കല്‍ പോലും ഒരു മേജര്‍ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോകപ്പ് ഹാരി കെയ്നിന്റെ മികവില്‍ ഇംഗ്ലണ്ട് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Stan Collymore praises Harry Kane.

We use cookies to give you the best possible experience. Learn more