ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.
അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.
യുണൈറ്റഡ് വിട്ടതോടെ താരം ഇപ്പോള്‍ ഫ്രീ ഏജന്റാണ്. ഇനി റോണോ ഇല്ലാതെയാണ് യുണൈറ്റഡ് മുന്നോട്ട് പോവുക.
എന്നാല്‍ ക്രിസ്റ്റിയാനോ ക്ലബ്ബില്‍ ഇല്ലാത്തത് യുണൈറ്റഡിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലീഷ് താരവും വാര്‍ത്താ മാധ്യമമായ മിററിന്റെ കോളമിസ്റ്റുമായ സ്റ്റാന്‍ കോളിമോര്‍. താരം പോയതോടുകൂടി യുണൈറ്റഡിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുണൈറ്റഡിനുണ്ടായിരുന്ന തലവേദന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നെന്നും ഇനിയിപ്പോള്‍ എറിക് ടെന്‍ ഹാഗിന് റോണോയെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ലെന്നും കോളിമോര്‍ കൂട്ടിച്ചേര്‍ത്തു.
2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു.
ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.
അതേസമയം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറുമായി താരം ഉടന്‍ സൈന്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Content Highlights: Stan Collymore about Cristiano Ronaldo