ഷാങ്ഹായ്: ഷാങ്ഹായില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. സംഭവത്തില്‍ 43ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതു വര്‍ഷം പിറക്കുന്നതിന് മുമ്പായിരുന്നു പ്രാദേശിക സമയം 11.35 ഓടെ ദുരന്തം നടന്നത്. ദുരന്തം നടക്കാനുള്ള കാരണം ഇത് വരെ വ്യക്തമായിട്ടില്ല. എന്നാല്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഡോളറിന്റെ രൂപത്തിലുള്ള കൂപ്പണുകള്‍ സമീപത്തുള്ള ബാറില്‍ നിന്നും വിതറിയപ്പോള്‍ ഇത് ശേഖരിക്കാന്‍ ഓടിക്കൂടിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ്.
നഗരത്തിലെ പ്രശസ്തമായ ചെന്‍ യി ചത്വരത്തിലായിരുന്നു ആഘോഷ പരിപാടികള്‍ക്കായി ആളുകള്‍ ഒത്തു കൂടിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നാണ് ചൈനീസ് അറിയിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചത്വരത്തില്‍ ഒത്തു കൂടിയിരുന്നത്. ഇതിനാല്‍ പലര്‍ക്കും രക്ഷപ്പെടുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഘോഷങ്ങള്‍ കൂടുതല്‍ ഇടുങ്ങിയ പ്രദേശത്തെക്ക് മാറ്റിയിരുന്നത്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ 2004 ലും സമാനമായ രീതിയില്‍ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ മരിച്ചിരുന്നു.