സിര്‍സ: ഹരിയാനയിലെ ദേരസച്ച സൗദയിലുണ്ടായ തിക്കിലും തിരക്കിലും അഞ്ച് സ്ത്രീ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.പ്രദേശത്ത് പാമ്പ് ഉണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ആളുകള്‍ പേടിച്ചോടുകയായിരുന്നു.
ആശ്രമ പരിസരത്ത് പാമ്പ് ഉണ്ടെന്ന അഭ്യൂഹം ആരോ മനപൂര്‍വ്വം പരത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാകുന്നതെന്ന് സിര്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ യുദ്‌വിര്‍ സിങ് പറഞ്ഞു. അപകടത്തില്‍ മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരുടെ എണ്ണം കൃത്യമായി വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മഠാധിപനായ ഗുര്‍മിത് രാം രഹിം സിങ് സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങുമ്പോഴായിരുന്നു നിയന്ത്രാണാധീതമായ തിക്കും തിരക്കുമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോലീസിന്റെ കണക്കുകള്‍ പ്രകാരം ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് സ്ഥലത്തുണ്ടായിരുന്നത്.