| Tuesday, 14th May 2019, 8:44 am

ഫെഡറല്‍ മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തി ചന്ദ്രശേഖര റാവു; കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി. മുന്നണി രൂപീകരണത്തെക്കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ കണ്ട കെ.സി.ആറിനോട് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സ്റ്റാലിന്‍ ഉപദേശിച്ചതായി ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ ട്വീറ്റ് ചെയ്തു.

‘ഇന്നത്തെ നിര്‍ണ്ണായക മീറ്റിങില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കാന്‍ ഞങ്ങളുടെ നേതാവ് എം.കെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ പ്രേരിപ്പിച്ചു’- എന്നായിരുന്നു ശരവണന്റെ ട്വീറ്റ്.

ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.സി.ആര്‍ നേരത്തേയും സ്റ്റാലിനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കലായതിനാല്‍ ചര്‍ച്ച നീട്ടി വെക്കുകയായിരുന്നു.

ബി.ജെ.പിയെ താഴെയിറക്കണം എന്ന ഡി.എം.കെയുടെ അഭിപ്രായത്തോട് കെ.സി.ആര്‍ യോജിച്ചതായും, അതിനായി വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി തെലങ്കാന രാഷ്ട്ര സമിതിയിലെ ഉന്നത നേതാക്കളെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ ഫെഡറല്‍ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനുമായും കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സമകാലീന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും, കെ.സി.ആറിന്റെ ആശയങ്ങള്‍ നല്ലതായിരുന്നെന്നും പിണറായി പ്രതികരിച്ചിരുന്നു.

സ്റ്റാലിന്റെ പിന്തുണ കൂടെ ലഭിക്കാതിരുന്നാല്‍ ഫെഡറല്‍ മുന്നണിയെന്ന ആശയം കെ.സി.ആറിന് ഉപേക്ഷിക്കേണ്ടി വരും. സ്റ്റാലിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കെ.സി.ആര്‍ മാധ്യപ്രവര്‍ത്തകരെ കാണാനും തയ്യാറായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വമ്പിച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തില്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശം ആദ്യം മുന്നോട്ടു വെച്ചതും ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ആയിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

We use cookies to give you the best possible experience. Learn more