ചെന്നൈ: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് കോറിഡോര്‍ പദ്ധതിയില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ബാധിക്കപ്പെടുന്നവരുമായി ചര്‍ച്ചകള്‍ നടത്താതിരിക്കുകയും ചെയ്താല്‍ തൂത്തുക്കുടിയിലേതിനു സമാനമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാനസര്‍ക്കാരിന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്റെ മുന്നറിയിപ്പ്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ണമായും സജ്ജമായിരിക്കേ, വലിയ എതിര്‍പ്പാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്നത്.
ചെന്നൈ-സേലം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എട്ടുവരിപ്പാത കടന്നുപോകുന്നത് കൃഷിഭൂമിയും സംരക്ഷിത വനമേഖലയുമടങ്ങുന്ന 8,000 ഏക്കറോളം വരുന്ന ഭൂമിയിലൂടെയാണ്. 10,000 കോടി രൂപയുടെ ചെന്നൈ-സേലം ഹൈവേ നിര്‍മാണം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും സ്വപ്‌ന പദ്ധതിയാണ്.
എന്നാല്‍, വന്‍ തോതില്‍ കൃഷിഭൂമി ഏറ്റെടുക്കുമെന്നതും മറ്റും വെറും കുപ്രചരണങ്ങള്‍ മാത്രമാണെന്ന് പളനിസ്വാമി നിയമസഭയില്‍ പറഞ്ഞു. ” 227.3 കിലോമീറ്റര്‍ നീളുന്ന പാതയില്‍ 9.9 കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിതവനമേഖലയിലൂടെ കടന്നുപോകുക. ചെങ്കല്‍പ്പേട്ട്, ആറണി, പോലൂര്‍, ചെങ്കം, ഹരൂര്‍ എന്നിവിടങ്ങളിലാണത്.” മുഖ്യമന്ത്രി പറയുന്നു. 1,900 ഹെക്ടര്‍ സ്ഥലം മാത്രമാണ് വേണ്ടി വരിക എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അസംബ്ലിയില്‍ ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
തൂത്തുക്കുടി പ്രക്ഷോഭറാലിക്കെതിരെ ഉണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍കിട സുരക്ഷാ ചര്‍ച്ചകളാണ് നടക്കുന്നത്. ആഭ്യന്തരമന്ത്രാലയം ഇതിനോടകം തന്നെ രണ്ട് ഉന്നതതല ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിക്കെതിരെ ഉയരാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.