| Friday, 18th June 2021, 6:54 pm

സംഘപരിവാറിനെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന സ്റ്റാലിന്‍

ഷഫീഖ് താമരശ്ശേരി

ദക്ഷിണേന്ത്യ കീഴടക്കുന്നതിനായി കാലങ്ങളായി നടന്നുവരുന്ന സംഘപരിവാര്‍ തന്ത്രങ്ങളെയും നീക്കങ്ങളെയും അടിമുടി പ്രഹരമേല്‍പ്പിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട്ടിലെയും കേരളത്തിലെയുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ. സ്റ്റാലിന്‍ പിന്നീട് നടത്തിയ ഓരോ നീക്കങ്ങളും സംഘപരിവാറിനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കുന്നത് കൂടിയായിരുന്നു.

അധികാരത്തിലേറിയ ഉടന്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാടിന്റെ ഡി.ജി.പി. ആക്കി നിയമിച്ചതില്‍ തുടങ്ങി ഇക്കഴിഞ്ഞ ദിവസം തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ കാവിയണിഞ്ഞ ചിത്രം ഒഴിവാക്കിയതടക്കമുള്ള സ്റ്റാലിനെ ഓരോ നീക്കങ്ങളും തമിഴ്‌നാടിന്റെ തന്തൈ പെരിയോര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ മുന്നോട്ടുവെച്ച സംഘപരിവാര്‍ വിരുദ്ധ ദ്രാവിഡ രാഷ്ട്രീയം വിളിച്ചോതുന്നവയായിരുന്നു. രാജ്യത്തെ കാര്‍ന്നുതിന്നുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ തന്നെയാണ് സ്റ്റാലിനെന്ന് നിസ്സംശയം പറയാം

ഇ.വി. രാമസ്വാമി നായ്ക്കര്‍

2010 ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അമിത്ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ച് വിജിലന്‍സ് ആന്റി കറപ്ഷന്‍ വകുപ്പിന്റെ ചുമതല നല്‍കിയത്.

കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ് അഥവാ യൂണിയന്‍ ഗവണ്‍മെന്റ് എന്ന വാക്ക് തിരികെ കൊണ്ടുവന്നുകൊണ്ടായിരുന്നു സ്റ്റാലിന്റെ അടുത്ത നീക്കം. മാത്തിയ അരസ് അഥവാ കേന്ദ്ര സര്‍ക്കാര്‍ എന്ന വാക്കായിരുന്നു നിലവില്‍ തമിഴ്‌നാട് ഉപയോഗിച്ചിരുന്നതെങ്കില്‍ അത് മാറ്റി മുന്‍കാലത്ത് അണ്ണാദുരൈയും കരുണാനിധിയുമെല്ലാം ഉപയോഗിച്ചിരുന്ന ഒന്‍ഡ്രിയ അരസ് എന്ന വാക്ക് വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവരികയാണ് സ്റ്റാലിന്‍ ചെയ്തത്.

കേന്ദ്രത്തിന് ഈ നീക്കത്തിലുണ്ടായ എതിര്‍പ്പുകള്‍ക്ക് സ്റ്റാലിന്‍ പുല്ലുവില പോലും കല്‍പ്പിച്ചില്ല. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാത്രം നിലനിര്‍ത്തുന്നതിനെതിരെയും സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തമിഴ് ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാപദവി ലഭിക്കുന്നതിന് വേണ്ടി ഡി.എം.കെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു സ്റ്റാലിന്‍ അറിയിച്ചിരുന്നത്. ഇതും കേന്ദ്രത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

ഹിന്ദുത്വ സംഘടനകളുടെ ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു സ്റ്റാലിന്‍ നടത്തിയ മറ്റൊരു വിപ്ലവകരമായ നീക്കം.

സ്റ്റാലിന്‍

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്നും താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു അറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്ത്രീകളെ പൂജാരിമാരായി നിയമിച്ചാല്‍ അത് ആചാര ലംഘനത്തിന് കാരണമാകുമെന്നും സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ഹിന്ദു റിലീജയസ് ട്രസ്റ്റ് പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കരുണാനിധി തുടക്കമിട്ട വിപ്ലവത്തിന്റെ തുടര്‍ച്ചയാണിതെന്നും തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാറിന്റെ പക്ഷം.

ഡി.എം.കെയുടെ വിജയാഘോഷങ്ങള്‍ക്കിടെ ജയലളിതയുടെ പേരിലുള്ള അമ്മ ക്യാന്റീന്‍ തകര്‍ത്ത തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും അവരെക്കൊണ്ട് തന്നെ അത് നേരെയാക്കിപ്പിച്ച സ്റ്റാലിന്റെ നടപടിയും, സൗജന്യ കോവിഡ് ചികിത്സയടക്കം നിരവധി ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയതും, തൂത്തുക്കുടി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ ഭൂരിഭാഗം കേസുകളും പിന്‍വലിച്ചതും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കിയതുമെല്ലാമടക്കമുള്ള നടപടികളെത്തുടര്‍ന്ന് വലിയ ജനപിന്തുണയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ നേടിക്കൊണ്ടിരിക്കുന്നത്.

കരുണാനിധി

അതിനിടയിലാണ് ബി.ജെ.പിയുമായുള്ള തുറന്ന പോരിന് തയ്യാറെടുത്തുകൊണ്ട് സ്റ്റാലിന്‍ മുന്നോട്ടുപോകുന്നത് എന്നത് കൂടി കാണാം. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ബി.ജെ.പിക്കെതിരെ സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലിതാ തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ പ്രവണതകള്‍ക്കെതിരെയും സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുന്നു.

കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ കാവി വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ നീക്കം ചെയ്താണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്നാണ് അന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നത്. ഇപ്പോള്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയായതിന് ശേഷം കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിക്കുകയാണ് ഡി.എം.കെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാതിരുന്ന തിരുവള്ളുവരിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.സി എട്ടാക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡി.എം.കെ. സര്‍ക്കാര്‍ നീക്കിയിരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനും ബി.ജെ.പിക്കുമെതിരായ ശക്തമായ പോരാട്ടം തന്നെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ കാഴ്ചവെക്കുന്നത് എന്ന് നിസ്സംശയം പറയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടെയും ഫോളോ ചെയ്യാം

Content Highlight: Stalin’s fight against sanghparivar

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more