ചെന്നൈ: പിറന്നാളിന് ആശംസകളറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്റ്റാലിന്‍ പിണറായിയുടെ ആശംസകള്‍ക്ക് സ്‌നേഹ മറുപടി നല്‍കിയത്.
‘ആശംസകള്‍ക്ക് നന്ദി സഖാവേ. തെക്കെ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പിറന്നാളാഘോഷിക്കുന്ന സ്റ്റാലിന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസകളറിയിച്ചിരുന്നു.
പ്രിയ സഖാവേ എന്ന് വിളിച്ചാണ് പിണറായി ആശംസകള്‍ നേര്‍ന്നത്.
‘പ്രിയപ്പെട്ട സഖാവ് സ്റ്റാലിന് ഊഷ്മളമായ പിറന്നാളാശംസകള്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ബന്ധം ദൃഢമാക്കുന്നതിന് താങ്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും മാതൃഭാഷയുടെയും സംരക്ഷണത്തിനായി താങ്കള്‍ നിലക്കൊള്ളുകയും അതിലൂടെ രാജ്യത്തുടനീളമുള്ള ജനങ്ങളുടെ മനസ് കീഴ്‌പ്പെടുത്തുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
സന്തോഷവും ആരോഗ്യവും വിജയവും നേര്‍ന്നാണ് പിണറായി വിജയന്‍ ആശംസാ വാക്കുകള്‍ അവസാനിപ്പിച്ചത്.
നിരവധി നേതാക്കളാണ് സ്റ്റാലിന് ആശംസകളായെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഖിലേഷ് യാദവ്, നിധിന്‍ ഖഡ്ഖരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയത്.
മറ്റുള്ളവര്‍ക്കെല്ലാം തമിഴിലും ഇംഗ്ലീഷിലും മറുപടി നല്‍കിയ സ്റ്റാലിന്റെ മലയാളത്തിലെ മറുപടി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
content highlight: stalin replies birthday wish of pinarayi vijayan