ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ ഗവര്‍ണറെ സമീപിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം. കെ സ്റ്റാലിന്‍. പളനിസ്വാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള 98 പേജുള്ള വിവരങ്ങളാണ് സ്റ്റാലിനും സംഘവും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന് നല്‍കിയത്.
ഡി.എം.കെ നേതാക്കളായ എ. രാജ, തുറൈമുരുകന്‍, ടി.കെ.എസ്, ഇലങ്കോവന്‍, ആര്‍.എസ് ഭാരതി എന്നിവരടങ്ങിയ സംഘമാണ് സ്റ്റാലിനൊപ്പം ഗവര്‍ണറെ കണ്ടത്.
സംസ്ഥാനത്തെ വിജിലന്‍സ്-അഴിമതി വിരുദ്ധ വകുപ്പിന് ഈ അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും എ.ഐ.എ.ഡി.എം.കെ മന്ത്രിമാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് മന്ത്രിയായ എസ്.പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍.ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപാര്‍ട്ട്‌മെന്റിന് തെളിവുകളൊക്കെ നേരത്തെ കൈമാറിയിരുന്നു. സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുഖ്യമന്ത്രി കോടതിയെ സമീപിച്ച് അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിച്ചു,’ സ്റ്റാലിന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി തങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 23 മുതല്‍ ഡി.എം.കെ നടത്താനൊരുങ്ങുന്ന ഗ്രാമസഭാ യോഗത്തില്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Stalin meets Tamil Nadu Governor, hands over 98-page book on corruption charges against CM