| Saturday, 1st June 2019, 8:30 pm

'തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല, അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല'; ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെതിരെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാലയങ്ങളില്‍ ഹിന്ദി പാഠ്യവിഷയമാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെ പാര്‍ട്ട് ഏത് വിധേനയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

‘തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാണ്. എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയമുയര്‍ത്തിക്കൊണ്ടുവരണം’, സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ പരിഷ്‌കാരത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയില്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രാവീണ്യം നേടണമെന്നും വ്യക്തമാക്കുന്നു.

പുതിയ വിദ്യാഭ്യാസനയത്തിലൂടെ തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള നീക്കത്തെ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തടയുമെന്ന് ഡി.എം.കെ നേതാവ് ടി.ശിവയും പറഞ്ഞിരുന്നു. ഹിന്ദി നിര്‍ബന്ധമാക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഒരു രീതിയിലും സഹിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികളും യുവാക്കളും രംഗത്തെത്തുമെന്നും 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഇതിന് ഉദാഹരണമാണെന്നും ശിവ പറഞ്ഞു. ഡി.എം.കെയിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭകാരികള്‍ ഇന്നും തമിഴ്‌നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞു.

ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്‍പര്യമുള്ളവര്‍ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ഭാഷ വേണമെങ്കിലും പഠിക്കട്ടെ എന്ന് വിഷയത്തോട് പ്രതികരിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസനും നിലപാട് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more