കനത്ത മഴ: ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോയവര്‍ ഉടന്‍ മടങ്ങി വരരുതെന്ന് സ്റ്റാലിന്‍
national news
കനത്ത മഴ: ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോയവര്‍ ഉടന്‍ മടങ്ങി വരരുതെന്ന് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th November 2021, 4:23 pm

 

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളും റസിഡെന്‍ഷ്യല്‍ ഏരിയകളും ഇതിനോടകം തന്നെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

2015ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് തമിഴ്‌നാട്ടില്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ടി. നഗര്‍, വ്യാസര്‍പടി, അഡയാര്‍, മൈലാപൂര്‍, വേലാച്ചേരി, റോയപ്പേട്ട തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയമാണ് വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്.

ഇതിനോടകം തന്നെ പുഴല്‍ റിസര്‍വോയറും ചെമ്പാരമ്പക്കം റിസര്‍വോയറും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. കനാലിന്റെ തീരത്തുള്ളവരും, മറ്റ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഒരു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നുണ്ടന്നും, അതിന്റെ സ്വാധീനത്തില്‍, നവംബര്‍ 9ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Stalin issued a warning following heavy rains