| Tuesday, 1st October 2019, 8:10 pm

'തമിഴ് പ്രാചീന ഭാഷയല്ലേ, എങ്കില്‍ തമിഴിനെ ഔദ്യോഗിക ഭാഷയാക്കൂ' മോദിയോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്ത്. തമിഴ് പ്രാചീന ഭാഷയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ മോദിയോട് തന്റെ ആവശ്യവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴിനെ പ്രാചീന ഭാഷയായി അംഗീകരിച്ച സ്ഥിതിയ്ക്ക് തമിഴിനെ ഔദ്യോഗിക ഭാഷയാക്കാനും കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഭരണഭാഷ തമിഴ് ആക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഐ.ഐ.ടിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് മോദി തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചുവെന്നും പറഞ്ഞത്. അമേരിക്കയില്‍ വെച്ച് താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അമേരിക്കയില്‍ തമിഴിനെ വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പാര്‍ട്ടി പ്രവര്‍ത്തരകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്താണ് മോദിയുടെ തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശം. തമിഴ്‌നാട്ടില്‍ രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ നടത്തിയ മോദിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നം വെച്ചിട്ടുള്ളതാണെന്നത് വ്യക്തമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി കഴിഞ്ഞ തവണ ഐ.ഐ.ടിയില്‍ എത്തിയപ്പോള്‍ മോദിക്കെതിരെ കനത്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരം പ്രതിഷേധങ്ങള്‍ക്കായുള്ള എല്ലാ പഴുതും അടച്ചാണ് മോദിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ മോദിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. #ഗോബാക്ക് മോദി, #വെല്‍ക്കം മോദി തുടങ്ങിയ ഹാഷ്ടാഗുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. ഗോബാക്ക് മോദി എന്ന ഹാഷ്ടാഗ് ഒരു ലക്ഷത്തിലേറെപേരാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

We use cookies to give you the best possible experience. Learn more