| Thursday, 6th June 2019, 9:25 am

'കേന്ദ്രം വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നു'; തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു തൊട്ടുപിറകേ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. മുന്‍പും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതു ചെവിക്കൊണ്ടില്ലെന്നതു ഞെട്ടിക്കുന്നതാണെന്നും സ്റ്റാലിന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയ കാര്യം അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട്ടുകാരായ വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം പുറത്തുവിട്ട നീറ്റ് പരീക്ഷയുടെ ഫലവും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘75,000-ത്തോളം വിദ്യാര്‍ഥികളാണു പരീക്ഷയില്‍ പരാജയപ്പെട്ടത്. തിരുപ്പൂര്‍ സ്വദേശിയായ 17-കാരി യോഗ്യത നേടാനാവാത്തതിനാല്‍ തൂങ്ങിമരിച്ചു. 12-ാം ക്ലാസ് പരീക്ഷയില്‍ 500 മാര്‍ക്കില്‍ 490 മാര്‍ക്ക് ആ കുട്ടി നേടിയിരുന്നു. തഞ്ചാവൂരില്‍ വൈശ്യ എന്ന കുട്ടിയും തീകൊളുത്തി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന കേന്ദ്ര നടപടി അംഗീകരിക്കാനാവില്ല.’- അദ്ദേഹം പറഞ്ഞു.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഡി.എം.കെ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് ഡി.എം.കെ വ്യക്തമാക്കി.

ഋതുശ്രീ, വൈശ്യ എന്നീ രണ്ടു വിദ്യാര്‍ഥിനികളാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ഋതുശ്രീക്ക് പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്കുണ്ടായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്.

തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57 ശതമാനം പേരാണ് വിജയിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ബുധനാഴ്ചയാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നളിന്‍ ഖണ്ഡേവാലാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയത്. 720-ല്‍ 701 മാര്‍ക്കാണ് നളിന്‍ നേടിയത്. ദല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

We use cookies to give you the best possible experience. Learn more